< Back
Oman
പാലക്കാട് ഫ്രണ്ട്‌സ് കൂട്ടായ്മ ഇഫ്താർ സംഗമവും, വനിതാദിനവും ആഘോഷിച്ചു
Oman

പാലക്കാട് ഫ്രണ്ട്‌സ് കൂട്ടായ്മ ഇഫ്താർ സംഗമവും, വനിതാദിനവും ആഘോഷിച്ചു

Web Desk
|
9 March 2025 5:51 PM IST

മസ്‌കത്ത്: മസ്‌കത്തിലെ പാലക്കാട്ടുകാരുടെ സൗഹൃദ കൂട്ടായ്മയായ പാലക്കാട് ഫ്രണ്ട്‌സ് കൂട്ടായ്മ ഇഫ്താർ സംഗമവും, അന്തർദേശീയ വനിതാ ദിനവും ആഘോഷിച്ചു. ഒമാൻ അവന്യൂസ് മാളിൽ നടന്ന പരിപാടിയിൽ സമൂഹത്തിലെ നാനാ തുറകളിൽ നിന്നുള്ള നൂറുകണക്കിന് ആളുകൾ പങ്കെടുത്തു. പ്രസിഡണ്ട് ശ്രീകുമാറിന്റെ അദ്ധ്യക്ഷതയിൽ ആരംഭിച്ച പരിപാടിയിൽ മീഡിയ വൺ റസിഡന്റ് മാനേജർ ഷക്കീൽ ഹസ്സൻ റമദാൻ ആശംസകൾ നൽകി സംസാരിച്ചു. റമദാൻ എന്നാൽ ഖുർആൻ അവതരിച്ച മാസമാണെന്നും, അതിനാൽ ഖുർആന്റെ വാർഷികമാണ് റമദാനിലൂടെ ആഘോഷിക്കുന്നതെന്നും അതുകൊണ്ടു തന്നെ ഖുർആനിലെ സന്ദേശങ്ങൾ ജീവിതത്തിൽ പകർത്തുക എന്നതായിരിക്കണം റമദാനിൽ ഓരോ വിശ്വാസിയുടെയും പ്രാഥമികമായ കർത്തവ്യമെന്നും ഷക്കീൽ ഹസ്സൻ പറഞ്ഞു.

'നമുക്ക് അധികമായി ഉളളത് മാത്രമേ മറ്റുള്ളവർക്ക് നൽകുവാൻ സാധിക്കൂ എന്നും , അതിനാൽ കുടുംബത്തിന്റെ നെടും തൂണായ സ്ത്രീകൾക്ക് എപ്പോഴും സന്തോഷവും, ആരോഗ്യവും, സമ്പത്തുമെല്ലാം ആവശ്യത്തിലധികം ഉണ്ടായിരിക്കണമെന്നും എന്നാൽ മാത്രമേ അത് മറ്റുള്ളവരിലേക്ക് പകരാൻ സാധിക്കൂ എന്നും വനിതാ ദിന സന്ദേശം നൽകികൊണ്ട് ഡോക്ടർ ഷിഫാന പറഞ്ഞു. കൂട്ടായ്മയുടെ പ്രസിഡണ്ട് ശ്രീകുമാർ വിശിഷ്ടാത്ഥികളായ ഷക്കീൽ ഹസ്സൻ, ഡോക്ടർ ഷിഫാന എന്നിവരെ ആദരിച്ചു. തുടർന്ന് കൂട്ടായ്മയിലെ വനിതാ അംഗങ്ങൾ കേക്ക് മുറിച്ചുകൊണ്ട് വനിതാ ദിനം ആഘോഷിച്ചു. ഇന്ത്യൻ സോഷ്യൽ ക്ലബ്ബ് കേരള വിഭാഗം കൺവീനർ അജയൻ പൊയ്യാറ, മലയാള വിഭാഗം കൺവീനർ താജ് മാവേലിക്കര, മലബാർ വിഭാഗം കൺവീനർ നൗഷാദ് കാക്കേരി, ഇന്ത്യൻ സ്‌കൂൾ ഡയറക്ടർ ബോർഡ് അംഗങ്ങളായ ഷമീർ പി.ടി.കെ, നിതീഷ് കുമാർ, കൃഷ്ണേന്ദു , അൽ ബാജ് ബുക്ക്‌സ് ഡയറക്ടർ ഷൗക്കത്ത് , നായർ ഫാമിലി യൂണിറ്റ് പ്രസിഡണ്ട് സുകുമാരൻ നായർ, ഇന്ത്യൻ സോഷ്യൽ ക്ലബ് ഭരണസമിതി അംഗം സന്തോഷ്‌കുമാർ, ഇന്ത്യൻ മീഡിയ ഫോറം മസ്‌കറ്റ് രക്ഷാധികാരി കബീർ യുസഫ് തുടങ്ങിയവരും നന്മ കാസർകോട്, മൈത്രി, കൈരളി, കെ.എം.സി.സി, ഒ.ഐ.സി.സി, വടകര, കണ്ണൂർ, തൃശൂർ, മലയാളം മിഷൻ, wmf എന്നീ സംഘടനകളുടെ ഭാരവാഹികളും, വ്യവസായ പ്രമുഖരും, മാധ്യമ പ്രതിനിധികളും ഇഫ്താർ വിരുന്നിൽ പങ്കെടുത്തു.

കൂട്ടയ്മയിലെ അംഗങ്ങളുടെ ഗാനസന്ധ്യയും, വിഭവസമൃദമായ വിരുന്നോടും കൂടി പരിപാടി സമാപിച്ചു. വനിതാ വിഭാഗം സെക്രട്ടറി ചാരുലത ബാലചന്ദ്രൻ ചടങ്ങിനെത്തിയവർക്ക് സ്വാഗതവും, ജോയിന്റ് സെക്രട്ടറി രാധിക നന്ദിയും പറഞ്ഞു. കൂട്ടായ്മയിലെ ഭാരവാഹികളായ ജഗദീഷ്, ഹരിഗോവിന്ദ്, ജിതേഷ്, ഗോപകുമാർ, ശ്രീനിവാസൻ, വൈശാഖ്, നീതു പ്രതാപ്, വിനോദ്,സുരേഷ് എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.

Similar Posts