< Back
Oman
ഒമാന്‍-സൗദി അതിര്‍ത്തിയില്‍ സൗദി ​ദേശീയ ദിനം ആഘോഷിച്ചു
Oman

ഒമാന്‍-സൗദി അതിര്‍ത്തിയില്‍ സൗദി ​ദേശീയ ദിനം ആഘോഷിച്ചു

Web Desk
|
23 Sept 2025 9:13 PM IST

ആഘോഷം ദാഹിറ ഗവർണറേറ്റിലെ റുബൂഉൽ ഖാലിയിൽ

മസ്കത്ത്: സൗദി ​അ​റേബ്യയുടെ 95-ാം ദേശീയ ദിനം ഒമാന്‍-സൗദി അതിര്‍ത്തിയില്‍ പൊലിമയോടെ ആഘോഷിച്ചു. ഇരു രാജ്യങ്ങളെയും കരമാർഗം ബന്ധിപ്പിക്കുന്ന ദാഹിറ ഗവർണറേറ്റിലെ റുബൂഉൽ ഖാലി അതിര്‍ത്തിയിലായിരുന്നു ആഘോഷ പരിപാടി. ഒമാനും സൗദിയും തമ്മിൽ വിവിധ മേഖലകളിൽ നടന്നുകൊണ്ടിരിക്കുന്ന സഹകരണത്തെ ഉയർത്തിക്കാട്ടുന്നതു കൂടിയായിരുന്നു ആഘോഷം.

ഒമാനെയും സൗദിയെയും ബന്ധിപ്പിക്കുന്ന ആഴത്തിലുള്ള ചരിത്രപരവും സാഹോദര്യപരവുമായ ബന്ധങ്ങളെ പ്രതിഫലിപ്പിക്കുന്നതായി ആഘോഷം മാറി. റോയൽ ഒമാൻ പൊലീസിന്റെ സഹകരണത്തോടെ സെക്രട്ടേറിയറ്റ് ജനറൽ ഫോർ നാഷണൽ സെലിബ്രേഷൻസാണ് ആഘോഷം സംഘടിപ്പിച്ചത്. റോയൽ ഒമാൻ പൊലീസ് മ്യൂസിക് ബാൻഡിന്റെ സംഗീത പരിപാടികളോടെയാണ് ചടങ്ങ് ആരംഭിച്ചത്. തുടർന്ന് ഒമാനി-സൗദി ബന്ധങ്ങൾ പ്രദർശിപ്പിക്കുന്ന ഒരു ദൃശ്യ അവതരണം, അൽ അയാല കലാസംഘത്തിന്റെ പ്രകടനത്തോടൊപ്പം ദേശീയ ഗാനം എന്നിവയും പരിപാടിയെ കൂടുതൽ സമ്പന്നമാക്കി.

പാരാഗ്ലൈഡിങ്​, നാടോടി നൃത്തമടക്കമുളള വിവിധ കലാപരിപാടികളും അരങ്ങേറി. ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം, വ്യാപാരം, നിക്ഷേപം, സാമൂഹിക ബന്ധങ്ങൾ എന്നിവ വർദ്ധിപ്പിക്കുന്നതിൽ റുബൂഉൽ ഖാലിക്ക് വളരെ അധികം പ്രധാന്യമുണ്ടെന്ന് സൗദി അറേബ്യയുടെ ഒമാനിലെ അംബാസഡർ ഇബ്രാഹിം ബിൻ സാദ് ബിൻ ബിഷാൻ പറഞ്ഞു. ഇരു രാജ്യങ്ങളിലേയും ഉന്നത ഉദ്യോഗസ്ഥര്‍, സ്വദേശികള്‍ തുടങ്ങിയവര്‍ പരിപാടിയില്‍ സംബന്ധിച്ചു.

Similar Posts