< Back
Oman
സ്കൂൾ വേനൽ അവധി; കഴുത്തറപ്പൻ നിരക്കുമായി വിമാനകമ്പനികൾ
Oman

സ്കൂൾ വേനൽ അവധി; കഴുത്തറപ്പൻ നിരക്കുമായി വിമാനകമ്പനികൾ

Web Desk
|
18 May 2025 7:48 PM IST

മേയ് 20 മുതൽതന്നെ വിമാന കമ്പനികൾ നിരക്കുകൾ വർധിപ്പിക്കാൻ തുടങ്ങിയിട്ടുണ്ട്

മസ്കത്ത്: സ്കൂൾ വേനൽ അവധിയും ബലി പെരുന്നാളും ഒരുമിച്ച് വന്നതോടെ നിരക്കുകൾ വർധിപ്പിച്ച് മസ്കത്തിൽനിന്ന് കേരളത്തിലേക്കുള്ള വിമാന കമ്പനികൾ. വേനൽ അവധി അടുത്തതോടെ ബജറ്റ് വിമാന കമ്പനികളടക്കം എല്ലാം ഉയർന്ന നിരക്കുകളാണ് ഈടാക്കുന്നത്.

സ്കൂൾ അവധിയുടെ തിരക്കുകൾ ആരംഭിക്കുന്നത് ജൂൺ മുതലാണ്. മേയ് 20 മുതൽതന്നെ വിമാന കമ്പനികൾ നിരക്കുകൾ വർധിപ്പിക്കാൻ തുടങ്ങിയിട്ടുണ്ട്. എയർ ഇന്ത്യ എക്സ്പ്രസ് ഈ മാസം 20 ന് കോഴികോട്ടേക്ക് 70 റിയലാണ് വൺവേക്ക് ഈടാക്കുന്നത്. എന്നാൽ അടുത്ത മാസം ഒന്നിന് കേരളത്തിലെ മൂന്ന് സെക്ടറിലേക്കും എയർ ഇന്ത്യ എക്പ്രസിന്റെ നിരക്കുകൾ വൺവേക്ക് 116 റിയാലായാണ് ഉയരുന്നത്. ബലിപെരുന്നാൾ പ്രമാണിച്ച് എയർ ഇന്ത്യ എക്സ്പ്രസ് കേരളത്തിലേക്കുള്ള എല്ലാ സെക്ടറിലേക്കും നിരക്കുകൾ ഉയർത്തിയിട്ടുണ്ട്. അടുത്ത മാസം ആറിന് കോഴിക്കോട്ടേക്ക് 161 റിയാലും കണ്ണൂർ, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് 136 റിയാലുമാണ് ടിക്കറ്റ് നിരക്ക്. കൊച്ചിയിലേക്കുളള വൺവേ നിരക്കുകൾ 210 റിയാലായി ഉയരും. പെരുന്നാൾ അവധിക്ക് ശേഷവും നിരക്കുകൾക്ക് കുറവൊന്നുമില്ല. ഒമാൻ എയർ ഈ മാസം 23 മുതൽ തന്നെ കോഴിക്കോട്ടേക്കുള്ള വൺവേ നിരക്കുകൾ 234 റിയാലാക്കിയിട്ടുണ്ട്. ബജറ്റ് വിമാന കമ്പനിയായ സലാം എയർ ഈ മാസം 27 മുതൽ കോഴിക്കോട്ടേക്ക് വൺവേക്ക് 103 റിയാലാണ് ഈടാക്കുന്നത്. തുടർന്നുള്ള ദിവസങ്ങളിലും സമാന നിരക്കുകൾ തന്നെയാണ്. കഴിഞ്ഞ ദിവസം സർവീസ് ആരംഭിച്ച ഇൻഡിഗോയുടെ കണ്ണൂർ സർവീസിൽ താരതമ്യേന കുറഞ്ഞ നിരക്കാണ് ഈടാക്കുന്നത്. നിലവിൽ ജൂണിൽ വൺവേക്ക് 100 റിയാലിൽ താഴെയാണ് നിരക്കുകൾ.

Similar Posts