< Back
Oman
Shuwa is the main dish of Oman Eid celebration.
Oman

ഷുവ; ഒമാന്റെ പെരുന്നാൾ ആഘോഷത്തിലെ പ്രധാന വിഭവം

Web Desk
|
9 Jun 2025 9:10 PM IST

ആട്ടിറച്ചിയാണ് ഷുവ തയാറാക്കാൻ പ്രധാനമായും ഉപയോഗിക്കുന്നത്

മസ്‌കത്ത്:ഒമാനികളുടെ ആതിഥ്യമര്യാദക്ക് ഒപ്പം തന്നെ പേരുകേട്ടതാണ് പരമ്പരാഗത ഒമാനി ഭക്ഷ്യ വിഭവങ്ങളും പാനീയങ്ങളും. തനത് ഒമാനി വിഭവമാണ് ഷുവ. ഷുവ ഉണ്ടാക്കാതെ ഒമാനികളുടെ പെരുന്നാൾ ആഘോഷം പൂർണമാകില്ല.

ഈദ് അവധി ഒമാനികൾ ആഘോഷിക്കുന്നത് കൂട്ടമായാണ്. പരമ്പരാഗത നൃത്തവും പാട്ടും കുതിര-ഒട്ടകസവാരിയുമൊക്കെയായായി അതങ്ങനെ നീളും. അതിലൊന്നാണ് ഒമാനികളുടെ പ്രിയപ്പെട്ട വിഭവമായ ഷുവ ഉണ്ടാക്കൽ, ചുട്ട ഇറച്ചി എന്നാണ് ഷുവ എന്ന അറബി വാക്കിന്റെ അർഥം. ഒമാൻറ രുചി പൈതൃകത്തിലെ പ്രധാന വിഭവമായ ഇത് ഒരുമയുടെ പ്രതീകം കൂടിയാണ്. ആട്ടിറച്ചിയാണ് ഇത് തയാറാക്കാൻ പ്രധാനമായും ഉപയോഗിക്കുന്നത്. ഒട്ടകത്തിന്റെ ഇറച്ചിയും ഉപയോഗിക്കും. പെരുന്നാൾ പോലുള്ള ആഘോഷ ദിവസങ്ങളിൽ കൂട്ടമായി ഷുവ ഉണ്ടാക്കുന്നത് കാണാൻ തന്നെ വല്ലാത്തൊരു ഭംഗിയാണ്.

ഒന്നാം പെരുന്നാളിന് അറുക്കുന്ന ഇറച്ചി ഒമാനി സുഗന്ധവ്യഞ്ജനങ്ങളുടെ മിശ്രിതം പുരട്ടി വാഴയിലയിൽ പൊതിഞ്ഞ് ഈത്തപ്പനയോലകൾ കൊണ്ട് മെടഞ്ഞെടുത്ത സഞ്ചിയിലാക്കി തുന്നും. തുടർന്ന് ഈ ബാഗിനെ നേർത്ത ലോഹ നെറ്റ് കൊണ്ട് കൂടി മൂടിയ ശേഷം തനൂർ എന്ന് പ്രാദേശികമായി അറിയപ്പെടുന്ന കുഴിയടുപ്പിലേക്ക് ഇടും. അടുപ്പ് മൂടി കൊണ്ട് മൂടുകയും അതിന് മുകളിൽ മണ്ണിടുകയും ചെയ്യും. 24 മണിക്കൂറിന് ശേഷമോ 48 മണിക്കൂറിന് ശേഷമോ ആണ് ഇത് പുറത്തെടുക്കുക. ഒമാനിലെ ഏറ്റവും പ്രധാനപെട്ട ഭക്ഷ്യ വിഭവമായ ഷുവക്ക് ഇപ്പോൾ മറ്റ് രാജ്യങ്ങളിലും ആവശ്യക്കാരുണ്ട്. ഒമാനിലെ ഈദ് അവധി ഇന്നത്തോട അവസാനിച്ചു. നാളെ മുതൽ ഗവൺമെൻറ് സ്ഥാപനങ്ങൾ പതിവുപോലെ പ്രവർത്തിച്ചു തുടങ്ങും.

Similar Posts