< Back
Oman
Telegraph Island development in Oman is progressing
Oman

ഒമാനിലെ ടെലിഗ്രാഫ് ദ്വീപ് വികസനം പുരോഗമിക്കുന്നു

Web Desk
|
30 May 2025 9:52 PM IST

50 ശതമാനം പൂർത്തിയായി

മസ്‌കത്ത്: ഒമാനിലെ മുസന്ദം ഗവർണറേറ്റിലെ ചരിത്രപ്രസിദ്ധമായ ടെലിഗ്രാഫ് ദ്വീപ് വികസനം അതിവേഗം പുരോഗമിക്കുന്നു. പദ്ധതി 50 ശതമാനം പൂർത്തിയായി. പരിസ്ഥിതി ടൂറിസം സൗകര്യങ്ങളാണ് ഇവിടെ ഒരുക്കുന്നത്.

ടെലിഗ്രാഫ് ദ്വീപ് അല്ലെങ്കിൽ ജസീറത്ത് അൽ മഖ്ലബ് സ്ഥിതി ചെയ്യുന്നത് മനോഹരമായ പ്രകൃതിയുടെ മടിത്തട്ടിലാണ്. ചുറ്റും ഉയരമുള്ള പർവതങ്ങളാലും നീല വെള്ളത്താലും ചുറ്റപ്പെട്ടിരിക്കുന്ന പ്രദേശം. മുസന്ദം ഗവർണറേറ്റിലെ ഏറ്റവും പ്രശസ്തമായ തടകങ്ങളിൽ ഒന്നായ ഖോർ ഷാമിലാണ് ഈ ദ്വീപ് സ്ഥിതി ചെയ്യുന്നത്. സമുദ്ര ദ്വീപുകളും ചിതറിക്കിടക്കുന്ന ഗ്രാമങ്ങമുള്ള ഖോർ ഷാം ലോകമെമ്പാടുമുള്ള വിനോദസഞ്ചാരികൾ സന്ദർശിക്കുന്ന ഏറ്റവും മനോഹരമായ സ്ഥലങ്ങളിൽ ഒന്നാണ്.

ചരിത്രപരമായ മൂല്യം പുനരുജ്ജീവിപ്പിക്കുന്നതിനായുള്ള വികസന പ്രവർത്തനങ്ങളാണ് ടെലിഗ്രാഫ് ദ്വീപിൽ നടക്കുന്നത്. മുസന്ദം മുനിസിപ്പാലിറ്റി, ഒ.ക്യു കമ്പനി, പൈതൃക ടൂറിസം മന്ത്രാലയം എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി. 130 ചതുരശ്ര മീറ്റർ പൊതു സേവന കെട്ടിടത്തോട് അനുബന്ധിച്ച് 731 ചതുരശ്ര മീറ്റർ മൾട്ടി പർപ്പസ് ഹാൾ, സീ ലാൻഡിങ് പ്ലാറ്റ്ഫോം, മലയോര നടപ്പാത, ഗാർഡ് റൂം, വൈദ്യുതി ജനറേറ്ററുകൾക്കും ഇന്ധന ടാങ്കുകൾക്കുമുള്ള കെട്ടിടം തുടങ്ങിയവയുണ്ട്. ചരിത്രപരമായ സ്ഥലങ്ങളുടെ വികസനത്തിലൂടെ ആഗോള ആകർഷണമായി ദ്വീപിനെ മാറ്റാനാണ് മന്ത്രാലയം ഉദേശിക്കുന്നത്.

1864ൽ ദ്വീപിൽ നിർമിച്ച ടെലിഗ്രാഫ്-കേബിൾ റിപ്പീറ്റർ സ്റ്റേഷനിൽ നിന്നാണ് 'ടെലിഗ്രാഫ്' എന്ന പേര് വന്നത്. ലണ്ടൻ മുതൽ കറാച്ചി വരെയുള്ള ടെലിഗ്രാഫിക് കേബിളിന്റെ ഭാഗമായി ഗൾഫ് അന്തർവാഹിനി കേബിളിലൂടെ ടെലിഗ്രാഫിക് സന്ദേശങ്ങൾ വർധിപ്പിക്കാൻ ബ്രിട്ടീഷ് റിപ്പീറ്റർ സ്റ്റേഷൻ ഉപയോഗിച്ചിരുന്നു.

Similar Posts