< Back
Oman
The body of Rajan, who died in Salalah, was brought to Kerala
Oman

സാമൂഹ്യ സംഘടനകളുടെ ഇടപെടൽ; സലാലയിൽ മരിച്ച രാജന്റെ മൃതദേഹം നാട്ടിലെത്തിച്ചു

Web Desk
|
28 Nov 2024 2:47 PM IST

കോഴിക്കോട് പയ്യോളി ഇരിങ്ങത്ത് സ്വദേശി ഹൃദയാഘാതം മൂലമാണ് മരിച്ചത്

സലാല: സാമൂഹ്യ സംഘടനകളുടെ ഇടപെടൽ തുണയായതോടെ ഒമാനിൽ മരിച്ച കോഴിക്കോട് പയ്യോളി ഇരിങ്ങത്ത് സ്വദേശി ചെറിയ പറമ്പിൽ രാജ(61)ന്റെ മൃതദേഹം നാട്ടിലെത്തിച്ചു. നവംബർ 21നാണ് ചെറിയ പറമ്പിൽ രാജൻ സലാല സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ മരിച്ചത്. ഹൃദയാഘാതത്തെ തുടർന്ന് ചൊവ്വാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇദ്ദേഹത്തെ ദീർഘമായ ശാസ്ത്രക്രിയക്ക് വിധേയമാക്കിരുന്നു. എന്നാലും രക്ഷിക്കാനായില്ല. വ്യാഴാഴ്ചയോടെ മരിച്ചു.

ആശുപത്രിയിൽ ഇതിനകം ഭീമമായ തുകയുടെ ബില്ലും വന്നു. എന്നാൽ ഇലക്ട്രിക്കൽ ഷോപ്പിലെ ജീവനക്കാരനായിരുന്ന അദ്ദേഹത്തിന്റെ സുഹൃത്തുക്കൾക്ക് ഈ തുക അടക്കാൻ സാധിക്കുമായിരുന്നില്ല. ആശുപത്രിയിൽ പ്രവേശിപ്പിച്ചത് മുതൽ ഇദ്ദേഹത്തിന് സേവനം ചെയ്യുന്നതിനായി കൈരളി പ്രവർത്തകർ കൂടെ ഉണ്ടായിരുന്നു. കൈരളി ഇടപെട്ട് ഇദ്ദേഹത്തിന്റെ മരണ സർട്ടിഫിക്കറ്റ് ഉൾപ്പടെയുള്ള രേഖകൾ പൂർത്തിയാക്കുകയും ചെയ്തിരുന്നു. എന്നാൽ ആശുപത്രി ബില്ല് അടക്കാനാകാതിരുന്നതിനാൽ മൃതദേഹം വിട്ടു കിട്ടിയില്ല. ഇതിനകം കോൺസുലാർ ഏജന്റ് ഡോ. കെ.സനാതനൻ വഴി എംബസിയുടെയും നോർക്കയുടെയും സഹായവും തേടിയിരുന്നു. എന്നാൽ ഇതുവരെ ലഭ്യമായില്ല.

ഇതിനിടയിൽ ഇദ്ദേഹം ജോലി ചെയ്തിരുന്ന സ്ഥാപനമുടമയുടെ സഹായത്തോടെ കെ.എം.സി.സിയും ഐ.ഒ.സിയും നടത്തിയ ഇടപെടലിനെ തുടർന്നാണ് ആശുപത്രിയിലെ രേഖകൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കാനായതെന്ന് കെ.എം.സി.സി ട്രഷറർ റഷീദ് കൽപറ്റ പറഞ്ഞു. ആശുപത്രി ബില്ലുകൾ എത്രയും വേഗത്തിൽ അടച്ച് മൃതദേഹം എയർപോർട്ടിൽ എത്തിക്കുകയും നാട്ടിലെ എയർപോർട്ടിൽ നിന്ന് വീട്ടിലേക്ക് എത്തിക്കുകയും ചെയ്തത് കെ.എം.സി.സി, ഐ.ഒ.സി ടീമുമാണ്.

ഇന്ന് രാവിലെ കോഴിക്കോട് എയർപോർട്ടിൽ എത്തിച്ച മൃതദേഹം അദ്ദേഹത്തിന്റെ വീട്ടിലെത്തിച്ച് സംസ്‌കരിച്ചു. ഭാര്യ: വനിത. മക്കളായ അനുശ്രീ, അനുഷ എന്നിവർ വിദ്യാർത്ഥികളാണ്. കുടുംബത്തെ സഹായിക്കാനുള്ള തുക കണ്ടെത്താനുള്ള ശ്രമത്തിലാണ് കൈരളി പ്രവർത്തകരെന്ന് ജനറൽ സെക്രട്ടറി സിജോയ് പേരാവൂർ പറഞ്ഞു.

Similar Posts