Oman

Oman
ചൂടുകാലത്ത് ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക; മുന്നറിയിപ്പുമായി ഒമാനിലെ ഡോക്ടർമാർ
|25 Jun 2024 11:54 AM IST
ഒമാന്റെ ചില ഭാഗങ്ങളിൽ താപനില 50 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്ന സാഹചര്യത്തിലാണ് നിർദേശം
മസ്‌കത്ത്:ചൂടുകാലത്ത് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഉണർത്തി ഒമാനിലെ ഡോക്ടർമാർ. ഒമാന്റെ ചില ഭാഗങ്ങളിൽ താപനില 50 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്ന സാഹചര്യത്തിലാണ് നിർദേശം. ടൈംസ് ഓഫ് ഒമാനാണ് ഡോക്ടർമാരുടെ നിർദേശങ്ങൾ പങ്കുവെച്ചത്. ഹോസ്പിറ്റലുകളിലും ഹെൽത്ത് ക്ലിനിക്കുകളിലും ക്ഷീണം, നിർജലീകരണം എന്നിവയുടെ ലക്ഷണങ്ങളുമായെത്തുന്ന രോഗികളുടെ എണ്ണം വർധിച്ചതിനാൽ, ഉഷ്ണ തരംഗത്തിനെതിരെ മുൻകരുതലുകൾ എടുക്കണമെന്ന് ഡോക്ടർമാർ ജനങ്ങളോട് അഭ്യർത്ഥിച്ചു.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
- ശരീരത്തിൽ ജലാംശം നിലനിർത്തുക
- പരമാവധി തണലുള്ള ഇടത്ത് നിൽക്കുക
- നേരിട്ടുള്ള സൂര്യപ്രകാശം ദീർഘനേരം നേരിടുന്നത് ഒഴിവാക്കുക
- ഉച്ചസമയത്ത് താപനില ഉയരുമ്പോൾ, പുറത്തെ ജോലി പരിമിതപ്പെടുത്തുകയോ ജാഗ്രതയോടെ നടത്തുകയോ ചെയ്യണം
- ഉച്ചയ്ക്ക് പുറത്തിറങ്ങുമ്പോൾ തല മറയ്ക്കുകയും ധാരാളം വെള്ളം കുടിക്കുകയും വേണം
- ഉച്ചയ്ക്ക് 12നും നാലിനും ഇടയിൽ ആളുകൾ പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കണം
- ചൂടിന്റെ തീവ്രത കുറയുന്ന അതിരാവിലെയോ വൈകുന്നേരമോ പുറംജോലികൾ ചെയ്യുക
- നിർമാണം, കൃഷി തുടങ്ങിയ പുറംജോലികൾ ചെയ്യുന്നവർക്ക് തൊഴിലുടമകൾ തണലുള്ള വിശ്രമ സ്ഥലങ്ങളും ജലാംശം നിലനിർത്താനാവശ്യമായ ഇടവേളകളും നൽകുക
- ക്ഷീണം, ഹീറ്റ് സ്‌ട്രോക്ക് എന്നിവ ഉണ്ടാകാതിരിക്കാൻ മുൻകരുതലുകൾ എടുക്കുക
- ശരീരവേദന, തലകറക്കം, ക്ഷീണം, വിറയൽ, പനി, വയറിളക്കം, ഛർദ്ദി തുടങ്ങിയ ലക്ഷണങ്ങളുണ്ടെങ്കിൽ ഉടൻ ഡോക്ടറെ സമീപിക്കുക
- പൊടിക്കാറ്റ് അലർജിക്ക് കാരണമാവുകയും ശ്വാസകോശത്തെ ബാധിക്കുകയും ചെയ്യും