
ഒമാനിലെ ഹൈമയിൽ വാഹനാപകടം; മൂന്ന് ഇന്ത്യക്കാർ മരിച്ചു, അഞ്ച് പേർക്ക് പരിക്ക്
|യുപി സ്വദേശികളാണ് അപകടത്തിൽപെട്ടത്
മസ്‌കത്ത്: ഒമാനിലെ ഹൈമയിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഇന്ത്യക്കാർ മരിക്കുകയും എട്ടുപേർക്ക് പരിക്കേൽക്കുയും ചെയ്തു. അഞ്ച് പേരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യു.പി.സ്വദേശികളായ കമലേഷ് ബെർജ (46),ഹെമ റാണി (54),ഇശാൻ ദേശ് ബന്ധു(31) എന്നിവരാണ് മരിച്ചത്. പരിക്കേറ്റ മനോജ്, ഇദേഹത്തിന്റെ മകൾ ദിക്ഷ,റാം മോഹൻ, ഇദ്ദേഹത്തിന്റെ മകൾ പ്രിയങ്ക,മരിച്ച കമലേഷിന്റെ മാതാവ് രാധാറാണി എന്നിവരെ പരിക്കുകളോടെ ഹൈമ ആശുപത്രിയിൽ പ്രവശേിപ്പിച്ചു. മൂന്നുപേരുടെ നില ഗുരുതരമാണ്. ശനിയാഴ്ച രാവിലെയാണ് അപകടം. ഒമാൻ കാണാനെത്തിയ സംഘം സലാലയിൽനിന്ന് മസ്കത്തിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു അപകടം. ഇവർ സഞ്ചരിച്ചിരുന്ന വാഹനം മുന്നിലുള്ള ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ഉറങ്ങിപ്പോയതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം ന്‌സ്‌വ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. റോയൽ ഒമാൻ പൊലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു.