< Back
Oman
സഹകരണം ശക്തമാക്കാൻ ധാരണയിലെത്തി തുർക്കിയയും ഒമാനും
Oman

സഹകരണം ശക്തമാക്കാൻ ധാരണയിലെത്തി തുർക്കിയയും ഒമാനും

Web Desk
|
23 Oct 2025 10:30 PM IST

ഇരു രാജ്യങ്ങളും തമ്മിൽ ആറു സുപ്രധാന കരാറുകളിലും എട്ടു ധാരണാപത്രങ്ങളിലും ഒപ്പുവെച്ചു

മസ്കത്ത്: ഒമാനും തുർക്കിയയും തമ്മിലെ സഹകരണം മെച്ചപ്പെടുത്തും. ഇരു രാജ്യങ്ങളും തന്ത്രപ്രധാന കരാറുകളിൽ ഒപ്പിട്ടു. തുർക്കിയ പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാന്റെ ഒമാൻ സന്ദർശനത്തിൽ ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖുമായി അൽ ആലം പാലസിൽ നടത്തിയ ചർച്ചയിലാണ് ഒമാനും തുർക്കിയയും തമ്മിൽ ആറു സുപ്രധാന കരാറുകളിലും എട്ടു ധാരണാപത്രങ്ങളിലും ഒപ്പുവെച്ചത്. രണ്ടു ദിവസത്തെ സന്ദർശനത്തിനായി ബുധനാഴ്ച ഉർദുഗാൻ ഒമാനിലെത്തിയിരുന്നു.

ഒമാൻ- തുർക്കിയ കോഓഡിനേറ്റിങ് കൗൺസിൽ രൂപവൽകരിക്കാനുള്ള തീരുമാനമാണ് ഇതിൽ പ്രധാനം. ഒമാൻ ഇൻവെസ്റ്റ്മെന്റ് അതോറിറ്റിയുടെ കീഴിലുള്ള കമ്പനിയായ ആമ്പർ ലിമിറ്റഡും തുർകിഷ് ഒയാക് ഫണ്ടും തമ്മിൽ മൂലധന പങ്കാളിത്തത്തിനും ഉസ്ബെക് ഒമാനി കമ്പനിയും തുർകിഷ് ഒയാക് ഫണ്ടും തമ്മിലെ മൂലധന പങ്കാളിത്തത്തിനും കരാറായി. ഒമാൻ ഫുഡ് ഇൻവെസ്റ്റ്മെന്റ് ​ഹോൾഡിങ് കമ്പനിയായ നിതാജും ഒയാക് ഹോൾഡിങ് ഫോർ ഫ​ുഡ് ആൻഡ് അഗ്രികൾചറും തമ്മിൽ സഹകരണത്തിനും ഒമാൻ ഡാറ്റ കമ്പനിയും തുർക്കിഷ് ഇൻഫർമേഷൻ ടെക്നോളജി കമ്പനിയായ ഇന്നവൻസും തമ്മിൽ സഹകരണത്തിനും ഇരു രാജ്യങ്ങളും കരാർ ഒപ്പിട്ടു.

തുർക്കിയയിൽനിന്നുള്ള തുർക്കിഷ് മാരിഫ് ഫൗണ്ടേഷന് ഒമാനിൽ വിദ്യാഭ്യാസ സ്ഥാപനം ആരംഭിക്കാൻ ഭൂമി അനുവദിക്കാൻ ഒമാൻ സമ്മതം അറിയിച്ചിട്ടുണ്ട്. ഒമാൻ കമ്പനിയായ സിനാൻ അഡ്വാൻസ്ഡ് ഇൻഡസ്ട്രീസും തുർക്കിഷ് കമ്പനിയായ അസൽസാനും തമ്മിൽ ബിസിനസ് പങ്കാളിത്തത്തിനും പരസ്പര ധാരണയായി. ഇതിനു പുറമെ, പ്രതിരോധ വ്യവസായ മേഖലയിലും മീഡിയ- കമ്യൂണിക്കേഷൻ, സാ​ങ്കേതിക വിദ്യ, ഇന്നവേഷൻ തുടങ്ങിയവയിൽ തന്ത്രപ്രധാനമായ പരസ്പര പങ്കാളിത്തത്തിനും ഒമാൻ ഇൻവെസ്റ്റ്മെന്റ് അതോറിറ്റിയും തുർക്കിയ വെൽത്ത് ഫണ്ടും തമ്മിൽ ധാരണയായി. അപൂർവ ധാതുക്കളുടെ ഖനനവുമായി ബന്ധപ്പെട്ട പദ്ധതികളിൽ സഹകരണത്തിനും തീരുമാനമായിട്ടുണ്ട്.

Similar Posts