< Back
Oman
വാദി ദർബാത്ത് കൂടുതൽ മിന്നിത്തിളങ്ങും
Oman

വാദി ദർബാത്ത് കൂടുതൽ മിന്നിത്തിളങ്ങും

Web Desk
|
1 July 2025 10:03 PM IST

പാതയോരങ്ങളിൽ ആറ് കിലോമീറ്റർ നീളത്തിൽ ലൈറ്റുകൾ

സലാല: ദോഫാർ ​ഗവർണറേറ്റിലെ ഏറ്റവും പ്രധാനപെട്ട വിനോ​ദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് വാദി ദർബാത്ത്. ഈ ഖരീഫ് സീസണിൽ വാദി ദർബാത്ത് കൂടുതൽ മിന്നിത്തിളങ്ങും. പാതയോരങ്ങളിൽ ആറ് കിലോമീറ്ററിൽ നീളത്തിൽ എൽ‌ഇഡി ലൈറ്റുകളുടെ 150 പോസ്റ്റുകളാണ് അധികൃതർ സ്ഥാപിക്കുന്നത്. പദ്ധതിയുടെ 85 ശതമാനവും പൂർത്തിയായിട്ടുണ്ട്. ജൂലൈ എട്ടോടെ പൂർണ​തോതിൽ പ്രവർത്തനക്ഷമമാകും. ലൈറ്റിങ് വരുന്നതോടെ പാത സുരക്ഷിതമായ സായാഹ്ന സന്ദർശനങ്ങൾ സാധ്യമാക്കും. ചെറുകിട ബിസിനസുകൾക്ക് പ്രവർത്തന സമയം വർദ്ധിപ്പിക്കാനും സാധിക്കും. താഴ്‌വരയുടെ സ്വാഭാവിക ആകർഷണത്തിന് പുതിയ ദൃശ്യ മാനം നൽകുന്നതായിരിക്കും സംവിധാനം. സലാലയിൽ നിന്ന് ഏകദേശം 40 കിലോമീറ്റർ വടക്കുകിഴക്കായാണ് വാദി ദർബാത്ത് സ്ഥിതി ​സ്ഥിതിചെയ്യുന്നത്. ഖരീഫ് സീസണിൽ സലാലയിലെത്തുന്ന വിനോദ സഞ്ചാരികൾ വാദി ദർബാത്തിൽ പോകാതെ മടങ്ങാറില്ല. അതുകൊണ്ടു തന്നെ സന്ദർശകരുടെ പ്രവാഹമാണ് സീസൺ സമയങ്ങളിൽ ഇവിടെയുണ്ടാവുക. വെള്ളച്ചാട്ടങ്ങങ്ങളും അരുവികളും നീരൊഴുക്കും തടാകങ്ങളുമൊക്കെയായി രൂപം മാറുന്ന വാദി ദർബാത്ത് എല്ലാ വിഭാഗം സന്ദർശകരുടെയും മനംകവരുന്നതാണ്. ഖരീഫ് സീസണിൽ കുളിര് പൊതിഞ്ഞ് നിൽക്കുന്ന വാദി ദർബാത്തിലെ മനോഹരമായ ബോട്ടിങ് മറ്റൊരു ആകർഷണമാണ്. ദർബാത്തിലെ അരുവിയും ബോട്ട് യാത്രയും വരു ദിവസങ്ങളിൽ കൂടുതൽ അനുഭവേദ്യമാവുന്ന പച്ചപ്പും കോടമഞ്ഞും സഞ്ചാരികളെ കാത്തുകഴിയുകയാണ്.

Related Tags :
Similar Posts