
വേതന സംരക്ഷണ സംവിധാനം: ഒമാനിൽ ഇതുവരെ രജിസ്റ്റർ ചെയ്തത് 98,922 സ്ഥാപനങ്ങൾ
|ഡബ്ല്യുപിഎസ് ചട്ടങ്ങൾ പാലിക്കാതിരുന്നാൽ പിഴ ഈടാക്കുമെന്ന് മന്ത്രാലയം ഓർമിപ്പിച്ചു
മസ്കത്ത്: ഒമാനിൽ ഇതുവരെ വേതന സംരക്ഷണ സംവിധാനത്തിൽ രജിസ്റ്റർ ചെയ്തത് 98,922 സ്വകാര്യമേഖലാ സ്ഥാപനങ്ങൾ. ഇതിൽ 24,943 സ്ഥാപനങ്ങൾ മാത്രമാണ് ഈ സംവിധാനത്തിലൂടെ വേതന വിതരണം പൂർത്തിയാക്കിയത്. ഡബ്ല്യുപിഎസ് ചട്ടങ്ങൾ പാലിക്കാതിരുന്നാൽ പിഴ ഈടാക്കുമെന്ന് മന്ത്രാലയം ഓർമിപ്പിച്ചു.
ബാങ്കുകൾ വഴിയോ അല്ലെങ്കിൽ മറ്റു ധനകാര്യ സ്ഥാപനങ്ങൾ വഴിയോ തൊഴിലാളികളുടെ വേതനം നൽകാൻ കമ്പനികളെ അനുവദിക്കുന്ന ഇലക്ട്രോണിക് ശമ്പള കൈമാറ്റ സംവിധാനമാണ് ഡബ്ല്യു.പി.എസ്. തൊഴിൽ മന്ത്രാലയം സെൻട്രൽ ബാങ്കുമായി സഹകരിച്ചാണ് ഈ സംവിധനം ഒരുക്കിയിരിക്കുന്നത്. എല്ലാ സ്ഥാപനങ്ങളോടും ഡബ്ല്യു.പി.എസിൽ രജിസ്റ്റർ ചെയ്യാൻ മന്ത്രാലയം ആവശ്യപ്പെട്ടിരുന്നു. സ്വകാര്യ മേഖലയിലെ 98,922 സ്ഥാപനങ്ങൾ രജിസ്റ്റർ ചെയ്തതിൽ 24,943 എണ്ണം മാത്രമേ ഇതുവഴി വേതന വിതരണം നടത്തുന്നുള്ളൂ. സർവിസ് സസ്പെൻഷനും പിഴകളും ഒഴിവാക്കാൻ എല്ലാ ബിസിനസ്സ് ഉടമകളോടും രജിസ്റ്റർ ചെയ്യാനും അതുവഴി ശമ്പളം വിതരണം നടത്തണമെന്നും തൊഴിൽ മന്ത്രാലയം വീണ്ടും ഓർമിപ്പിച്ചു. ചട്ടങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ നടപടിയെടുക്കുമെന്നും അധികൃതർ വ്യക്തമാക്കുന്നുണ്ട്.
അതേസമയം, സ്വകാര്യ മേഖലയിലെ തൊഴിലുടമകൾ ഡബ്ല്യ.പി.എസ് വഴി ശമ്പളം കൈമാറുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ തൊഴിൽ മന്ത്രാലയം നടപടി ശക്തമാക്കിയിട്ടുണ്ട്. നിശ്ചിത തൊഴിൽ കാലയളവ് പൂർത്തിയാക്കി തൊഴിലാളികൾക്ക് മൂന്ന് ദിവസത്തിനുള്ളിൽ ബാങ്കുകൾ വഴി ശമ്പളം കൈമാറണമെന്നാണ് നിർദേശിച്ചിരിക്കുന്നത്. നേരത്തെ ഏഴ് ദിവസം വരെ സമയം അനുവദിച്ചിരുന്നു. സ്വകാര്യ മേഖലയിലെ തൊഴിലാളികൾക്ക് വേതനം നൽകുന്നത് നിരീക്ഷിക്കുക, തൊഴിൽ കരാറിൽ സമ്മതിച്ചതുപോലെ തൊഴിലുടമകൾ കൃത്യസമയത്ത് വേതനം കൈമാറുന്നുണ്ടെന്ന് ഉറപ്പാക്കുക എന്നിവയാണ് ഡബ്ല്യ.പി.എസിലൂടെ ലക്ഷ്യമിടുന്നത്.