< Back
Gulf
തീർഥാടകർ മിനായിൽ; ഹജ്ജിന് നാളെ തുടക്കമാകും
Gulf

തീർഥാടകർ മിനായിൽ; ഹജ്ജിന് നാളെ തുടക്കമാകും

Web Desk
|
3 Jun 2025 8:38 PM IST

മിനാ യാത്ര നാളെ ഉച്ചയോടെ പൂർത്തിയാവും

മക്ക: വിശുദ്ധ ഹജ്ജ് തീർത്ഥാടനത്തിന് നാളെ തുടക്കമാകാനിരിക്കെ, ഒന്നേകാൽ ലക്ഷത്തോളം ഇന്ത്യൻ ഹാജിമാർ ഇന്ന് രാത്രിയോടെ മിനായിലെത്തും. നാളെ ഉച്ചവരെ ഹാജിമാരുടെ മിനാ യാത്ര തുടരും. കേന്ദ്ര ഹജ്ജ് കമ്മിറ്റിക്ക് കീഴിൽ 1,22,422 തീർഥാടകരും, പ്രൈവറ്റ് ഗ്രൂപ്പുകളിൽ പതിനായിരത്തോളം ഹാജിമാരുമാണ് ഇത്തവണ ഹജ്ജിനെത്തുന്നത്. ഇതിൽ 18 തീർഥാടകർ ഇതിനോടകം മക്കയിലും മദീനയിലുമായി മരണപ്പെട്ടു.

അറഫയിലേക്ക് പകുതിയോളം ഹാജിമാർക്ക് മെട്രോ സൗകര്യം ലഭ്യമാകും. സ്വകാര്യ ഗ്രൂപ്പിലെ ഹാജിമാരും ഇന്ന് രാത്രിയോടെ മിനായിലെത്തിച്ചേരും. നാളെ ഹജ്ജിന് തുടക്കമാകുന്നതിനാൽ ഭൂരിഭാഗം തീർഥാടകരെയും ഇന്ന് തന്നെ മിനായിൽ എത്തിക്കാനുള്ള ക്രമീകരണങ്ങൾ പൂർത്തിയായിട്ടുണ്ട്.

സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിൽ സ്വകാര്യ ഗ്രൂപ്പുകൾ ഉൾപ്പെടെ 18,000-ഓളം മലയാളി തീർഥാടകരാണ് ഇത്തവണ ഹജ്ജിന്റെ ഭാഗമാവുന്നത്. യാത്ര ചെയ്യാനാവാതെ ആശുപത്രികളിലുള്ള ഇരുപതോളം തീർഥാടകരെ അറഫയിലേക്ക് നേരിട്ട് എത്തിക്കും. 'വിത്തൗട്ട് മഹ്‌റം' വിഭാഗത്തിൽ 2,600-ഓളം മലയാളി വനിതാ തീർഥാടകർ ഹജ്ജിലുണ്ട്. ഇവർക്കായി 20 വനിതാ ഹജ്ജ് ഇൻസ്പെക്ടർമാരെയും നിയോഗിച്ചിട്ടുണ്ട്. കിംഗ് അബ്ദുൽ അസീസ് പാലത്തിന്റെ ഇരുവശങ്ങളിലായുള്ള പ്രത്യേക താമസസൗകര്യമാണ് ഇന്ത്യൻ ഹാജിമാർക്കായി മിനായിൽ ഒരുക്കിയിരിക്കുന്നത്. നാളെ രാത്രിയോടെ ഹാജിമാർ അറഫയിലേക്ക് നീങ്ങും.

Related Tags :
Similar Posts