< Back
Gulf
കുവൈത്തിലെ വൈദ്യുതി പ്രതിസന്ധി; ഉൽപ്പാദനം വർധിപ്പിക്കാൻ പദ്ധതികൾ
Gulf

കുവൈത്തിലെ വൈദ്യുതി പ്രതിസന്ധി; ഉൽപ്പാദനം വർധിപ്പിക്കാൻ പദ്ധതികൾ

Web Desk
|
17 Oct 2023 12:10 AM IST

2025-ഓടെ ഊർജ പ്രതിസന്ധി ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെ നിരവധി പദ്ധതികളാണ് വൈദ്യുതി മന്ത്രാലയം നടപ്പിലാക്കുന്നത്.

കുവൈത്ത് സിറ്റി: കുവൈത്തിലെ വൈദ്യുതി പ്രതിസന്ധി മറികടക്കാന്‍ ഉല്‍പ്പാദനം വര്‍ധിപ്പിക്കാനൊരുങ്ങി വൈദ്യുതി മന്ത്രാലയം. 2025-ഓടെ ഊർജ പ്രതിസന്ധി ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെ നിരവധി പദ്ധതികളാണ് മന്ത്രാലയം നടപ്പിലാക്കുന്നത്.

രാജ്യത്തെ വാർഷിക വൈദ്യുതി ഉല്‍പ്പാദനം മൂന്ന് മുതല്‍ അഞ്ചു ശതമാനം വരെ വര്‍ധിപ്പിക്കുവാനാണ് സര്‍ക്കാര്‍ പദ്ധതിയിടുന്നത്. സൗത്ത് അബ്ദുല്ല അൽ മുബാറക്കില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ട്രാൻസ്മിഷൻ സ്റ്റേഷനുകൾ പ്രവര്‍ത്തനം ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു. രാജ്യത്ത് വൈദ്യുതിയുടെ വര്‍ധിച്ച ആവശ്യത്തെ തുടര്‍ന്നാണ്‌ നാല് പ്രധാന ട്രാൻസ്മിഷൻ സ്റ്റേഷനുകളുടെ നിര്‍മ്മാണം ആരംഭിച്ചത്.

ഇതില്‍ അവസാനത്തെ രണ്ടെണ്ണമാണ് കഴിഞ്ഞ ദിവസം കമ്മീഷന്‍ ചെയ്തത്. പുതിയ പവര്‍ ട്രാന്‍സ്മിഷന്‍ സ്റ്റേഷനുകള്‍ കമ്മീഷന്‍ ചെയ്യുക വഴി വൈദ്യുതി നഷ്ടം പരമാവധി കുറയ്ക്കുവാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. പുനരുൽപ്പാദന ഊർജ സ്രോതസ്സുകളിലേക്ക് നീങ്ങിക്കൊണ്ട് ഊർജ മിശ്രിതത്തെ വൈവിധ്യവൽക്കരിക്കുവാനും മന്ത്രാലയം ആലോചിക്കുന്നുണ്ട്.

രാജ്യത്ത് സ്വതന്ത്ര വിതരണ സംവിധാനത്തോടെ സോളാർ പവർ സ്റ്റേഷൻ സ്ഥാപിക്കുവാന്‍ വൈദ്യുതി മന്ത്രാലയം ആലോചിക്കുന്നതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പാരിസ്ഥിതിക സൗഹൃദമായ ഇത്തരം പദ്ധതിയിലൂടെ കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കുവാന്‍ സാധിക്കും. അതിനിടെ അൽ-ഷഖയ പദ്ധതിയുടെ സാധ്യതാ പഠനം ചർച്ച ചെയ്യുന്നതിനായി സുപ്രീം കമ്മിറ്റി ഈ ആഴ്ച യോഗം ചേരും.

Similar Posts