< Back
Qatar
3.5 million people visited Qatar in nine months
Qatar

ഒമ്പതു മാസം, ഖത്തർ സന്ദർശിച്ചത് 35 ലക്ഷം പേർ

Web Desk
|
24 Oct 2025 10:01 PM IST

ജിസിസി രാഷ്ട്രങ്ങളിൽ നിന്നാണ് ഏറ്റവും കൂടുതൽ സഞ്ചാരികൾ എത്തിയത്

ദോഹ: ഈ വർഷം ഒക്ടോബർ വരെ ഖത്തറിലെത്തിയത് 35 ലക്ഷം സന്ദർശകർ. ജിസിസി രാഷ്ട്രങ്ങളിൽ നിന്നാണ് ഏറ്റവും കൂടുതൽ സഞ്ചാരികൾ എത്തിയത്. ഖത്തർ ടൂറിസമാണ് കണക്കുകൾ പ്രസിദ്ധീകരിച്ചത്. അന്താരാഷ്ട്ര തലത്തിൽ സഞ്ചാരികളുടെ ഇഷ്ടദേശമായി ഖത്തർ തുടരുന്നു എന്നു തെളിയിക്കുന്നതാണ് ഖത്തർ ടൂറിസം പങ്കുവച്ച കണക്കുകൾ. മുൻ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് സന്ദർശകരുടെ എണ്ണത്തിൽ 2.2 ശതമാനം വർധനയാണ് രേഖപ്പെടുത്തിയത്. വർഷത്തിന്റെ അവസാന പാദത്തിൽ കൂടുതൽ പരിപാടികൾക്ക് രാജ്യം വേദിയാകുന്ന സാഹചര്യത്തിൽ സഞ്ചാരികളുടെ എണ്ണത്തിൽ വർധനയുണ്ടാകുമെന്നാണ് പ്രതീക്ഷ.

ആകെ സന്ദർശകരുടെ 36 ശതമാനവും എത്തിയത് ജിസിസി രാഷ്ട്രങ്ങളിൽ നിന്നാണ്. രണ്ടാം സ്ഥാനത്ത് യൂറോപ്പാണ്. ആകെ സന്ദർശകരുടെ 25 ശതമാനം. ഏഷ്യ-ഓഷ്യാനിയ മേഖലയിൽ നിന്നാണ് 22 ശതമാനം സന്ദർശകർ. ഈ വർഷത്തെ മൂന്നാം പാദത്തിൽ ചൈനയിൽ നിന്നും ആസ്‌ട്രേലിയയിൽനിന്നും കൂടുതൽ സഞ്ചാരികളെത്തി. 37 ശതമാനം വർധനയാണ് ചൈനയിൽ നിന്നുള്ളത്. ഓസീസിൽ നിന്ന് 31 ശതമാനം.

60% സന്ദർശകർ വിമാനമാർഗവും 33% കരമാർഗവുമാണ് രാജ്യത്തേക്ക് പ്രവേശിച്ചത്. ഏഴു ശതമാനം കടൽ മാർഗമെത്തി. മൂന്നാം പാദത്തിലെ ഹോട്ടൽ ഒക്യുപെൻസി നിരക്ക് 68 ശതമാനമായി വർധിച്ചെന്നും ഖത്തർ ടൂറിസം റിപ്പോർട്ടിൽ പറയുന്നു. വർഷാവസാനമെത്തുന്ന ഫോർമുല വൺ, ഫിഫ ഫുട്‌ബോൾ ചാമ്പ്യൻഷിപ്പുകൾ, ദോഹ മ്യൂസിക് ഫെസ്റ്റിവൽ തുടങ്ങിയ അന്താരാഷ്ട്ര പരിപാടികൾ കൂടുതൽ സന്ദർശകരെ രാജ്യത്തെത്തിക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.

Related Tags :
Similar Posts