
നവംബറില്‍ അര്‍ജന്റീന ടീം ഖത്തറിലെത്തുമെന്ന് റിപ്പോര്‍ട്ട്
|അതേ സമയം മെസിയും സംഘവും കേരളത്തിലെത്തുന്നത് സംബന്ധിച്ച സൂചനകള്‍ മാധ്യമങ്ങള്‍ നല്‍കുന്നില്ല
ദോഹ: നവംബറില്‍ അര്‍ജന്റീന ടീം ഖത്തറിലെത്തുമെന്ന് റിപ്പോര്‍ട്ട്. അര്‍ജന്റീനന്‍ മാധ്യമങ്ങളാണ് ഇത് സംബന്ധിച്ച് റിപ്പോര്‍ട്ടുകള്‍ പങ്കുവെച്ചത്. അതേ സമയം മെസിയും സംഘവും കേരളത്തിലെത്തുന്നത് സംബന്ധിച്ച സൂചനകള്‍ മാധ്യമങ്ങള്‍ നല്‍കുന്നില്ല.
അര്‍ജന്റീനന്‍ മാധ്യമങ്ങളും പ്രമുഖ ഫുട്ബോള്‍ ജേണലിസ്റ്റ് ഗാസ്റ്റൊണ്‍ എഡ്യൂളും നല്‍കുന്ന വിവരങ്ങള്‍ അനുസരിച്ച്, ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ ലോകചാമ്പ്യന്മാര്‍ നാല് സൗഹൃദ മത്സരങ്ങള്‍ കളിക്കും. ഒക്ടോബറില്‍ ചൈനയിലെത്തുന്ന ടീം അവിടെ രണ്ട് മത്സരങ്ങള്‍ കളിക്കും. നവംബറില്‍ അംഗോളയുടെ 50-ാം സ്വാതന്ത്ര്യ ദിനാഘോഷത്തോട് അനുബന്ധിച്ച് ഒരു മത്സരം അവര്‍ക്കെതിരെയും കളിക്കും. നാലാമത്തെ മത്സരമാണ് ഖത്തറില്‍ നടക്കുക. ലാറ്റിനമേരിക്കയില്‍ ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ സെപ്തംബറിലാണ് പൂര്‍ത്തിയാകുന്നത്. ഇതിനോടകം യോഗ്യത നേടിക്കഴിഞ്ഞ അര്‍ജന്റീനയ്ക്ക് ഇനിയുള്ള മത്സരങ്ങള്‍ പ്രസക്തമല്ല. അതേ സമയം ഒക്ടോബറില്‍ മെസിയും സംഘവും കേരളത്തിലെത്തുമെന്നാണ് കായികമന്ത്രി വി. അബ്ദദുറഹ്മാന്‍ അറിയിച്ചിരുന്നത്. എന്നാല്‍ ലോകചാമ്പ്യന്മാര്‍ ഇന്ത്യയിലെത്തുന്നത് സംബന്ധിച്ച് പുതിയ റിപ്പോര്‍ട്ടുകളില്‍ പരാമര്‍ശമില്ല.