< Back
Qatar
Author GP Kunjabdulla about Pottiye Kettiye Song controversy
Qatar

'അയ്യപ്പന്മാരുടെ ദുഃഖമാണ് പാട്ടിൽ ആവിഷ്‌കരിച്ചത്'; 'പോറ്റിയേ കേറ്റിയേ' വിവാദത്തിൽ രചയിതാവ് ജിപി കുഞ്ഞബ്ദുല്ല

Web Desk
|
17 Dec 2025 4:54 PM IST

രണ്ടു മാസം മുമ്പാണ് പാട്ടെഴുതിയതെന്നും കുഞ്ഞബ്ദുല്ല

ദോഹ: 'പോറ്റിയേ കേറ്റിയേ' പാട്ട് വിവാദത്തിൽ പ്രതികരിച്ച് രചയിതാവ് ജിപി കുഞ്ഞബ്ദുല്ല. തദ്ദേശ തെരഞ്ഞെടുപ്പിലെ തോൽവിക്ക് ശേഷമാണ് ഒരുകൂട്ടർ തന്റെ പാട്ടിനെതിരെ രംഗത്തുവരുന്നതെന്നും രണ്ടു മാസം മുമ്പാണ് ഈ പാട്ടെഴുതിയതെന്നും അദ്ദേഹം പറഞ്ഞു. അയ്യപ്പന്മാരുടെ ദുഃഖമാണ് പാട്ടിൽ ആവിഷ്‌കരിച്ചിട്ടുള്ളതെന്നും കുഞ്ഞബ്ദുല്ല ദോഹയിൽ മീഡിയവണിനോട് പറഞ്ഞു.

ആശാ വർക്കർമാരുടെ പ്രശ്‌നങ്ങളും ടി.പി ചന്ദ്രശേഖരനെ കൊന്നതും ഷാഫി പറമ്പിലിനെ തല്ലിയതുമെല്ലാം പാട്ടിൽ പറഞ്ഞിട്ടുണ്ടെന്നും നാട്ടിലെ ആനുകാലിക പ്രശ്‌നങ്ങൾ പാട്ടാക്കുകയായിരുന്നുവെന്നും പറഞ്ഞു. ഈ പാട്ടിന്റെ ട്യൂണിൽ നിരവധി പാട്ടുകൾ താൻ കേട്ടിട്ടുണ്ടെന്നും കുഞ്ഞബ്ദുല്ല പറഞ്ഞു. യുഡിഎഫുകാരേക്കാൾ ഈ പാട്ട് ഉപയോഗിച്ചത് ബിജെപിക്കാരാണെന്നും അയ്യപ്പനെ മോശമാക്കുന്നതാണെങ്കിൽ അവരത് ഉപയോഗിക്കില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

താൻ കോൺഗ്രസുകാരനാണെന്നും കേസ് വന്നാൽ തങ്ങൾ നോക്കിക്കൊള്ളുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ വിളിച്ചപ്പോൾ പറഞ്ഞിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. താൻ എല്ലാ കാലത്തും യുഡിഎഫിന് വേണ്ടി പാട്ട് എഴുതാറുണ്ടെന്നും സ്വന്തം ഇഷ്ടപ്രകാരമാണ് ഇത് ചെയ്യാറുള്ളതെന്നും കുഞ്ഞബ്ദുല്ല പറഞ്ഞു. കാശിന് വേണ്ടിയോ ആരുടെയെങ്കിലും നിർദേശമനുസരിച്ചോയല്ല ഇത് ചെയ്യാറുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, 'പോറ്റിയെ കേറ്റിയെ' പാരഡി പാട്ടിനെതിരെ സിപിഎം പത്തനംതിട്ട ജില്ല കമ്മിറ്റി തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകും. അയ്യപ്പനെ പ്രചാരണത്തിന് ഉപയോഗിച്ചത് ചട്ടലംഘനമാണെന്ന് കാണിച്ചാണ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുക. നാളെ നടക്കുന്ന സിപിഎം ജില്ല കമ്മിറ്റി യോഗത്തിന് ശേഷമായിരിക്കും തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുക.

കഴിഞ്ഞ ദിവസം തിരുവാഭരണ പാത സംരക്ഷണ സമിതിയുടെ നേതാവ് ഡിജിപിക്ക് പരാതി നൽകിയിരുന്നു. അതിന് പിന്നാലെയാണ് സിപിഎം ജില്ല നേതൃത്വവും പരാതിയുമായി മുന്നോട്ട് പോവാൻ തീരുമാനിച്ചിരിക്കുന്നത്. മാസങ്ങൾക്ക് ശേഷം വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ ഈ ഗാനം പ്രചാരണത്തിന് ഉപയോഗിക്കാനുള്ള സാധ്യത മുൻകൂട്ടി കണ്ടാണ് സിപിഎം ജില്ല നേതൃത്വം പരാതിയുമായി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുന്നത്.

Similar Posts