< Back
Qatar
അറബ് ഫുട്ബോൾ മാമാങ്കത്തിന് കൗണ്ട്ഡൗൺ; ഫിഫ അറബ് കപ്പിന് ഇനി 100 നാൾ
Qatar

അറബ് ഫുട്ബോൾ മാമാങ്കത്തിന് കൗണ്ട്ഡൗൺ; ഫിഫ അറബ് കപ്പിന് ഇനി 100 നാൾ

Web Desk
|
23 Aug 2025 11:17 PM IST

ഡിസംബർ ഒന്ന് മുതൽ 18 വരെ ഖത്തറിലെ ആറു സ്റ്റേഡിയങ്ങൾ ടൂർണമെന്റിന് വേദിയാകും

ദോഹ: അറബ് രാഷ്ട്രങ്ങളുടെ കാല്പന്തുത്സവമായ ഫിഫ അറബ് കപ്പിന് ഇനി നൂറു നാൾ. ഡിസംബർ ഒന്നു മുതലാണ് ടൂർണമെന്റ്. രണ്ടാം തവണയാണ് ഖത്തർ ടൂർണമെന്റിന് വേദിയാകുന്നത്. ഡിസംബർ ഒന്ന് മുതൽ 18 വരെ ഖത്തറിലെ ആറു സ്റ്റേഡിയങ്ങളിലാണ് അറബ് കപ്പ് അരങ്ങേറുക. ലോകകപ്പ് മത്സരങ്ങൾക്ക് ആതിഥേയത്വം വഹിച്ച ലുസൈൽ, ഖലീഫ ഇന്റർനാഷനൽ, എജുക്കേഷൻ സിറ്റി, അൽ ബെയ്ത്ത്, അഹ്‌മദ് ബിൻ അലി, 974 സ്റ്റേഡിയങ്ങൾ ചാമ്പ്യൻഷിപ്പിനായി ഒരുങ്ങിക്കഴിഞ്ഞു.

അറബ് ജനതയുടെ ഹൃദയത്തിൽ സവിശേഷമായ ഇടമുള്ള ടൂർണമെന്റാണ് അറബ് കപ്പെന്ന് ഖത്തർ കായിക-യുവജന വകുപ്പു മന്ത്രി ശൈഖ് ഹമദ് ബിൻ ഖലീഫ ബിൻ അഹ്‌മദ് അൽ ഥാനി പറഞ്ഞു. ഫുട്‌ബോളിന് അതീതമാണ് ഈ ടൂർണമെന്റിന്റെ പ്രാധാന്യം. കളിക്കാരെയും ആരാധകരെയും ഒരുപോലെ ഒരുമിപ്പിക്കുന്ന നമ്മുടെ വികാരത്തിന്റെയും അസിതിത്വത്തിന്റെയും ആഘോഷമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നാലു ഗ്രൂപ്പുകളിലായി പതിനാറു ടീമുകളാണ് ടൂർണമെന്റിൽ മാറ്റുരയ്ക്കുന്നത്. റാങ്കിങ്ങിന്റെ അടിസ്ഥാനത്തിൽ ഒമ്പത് ടീമുകൾ നേരിട്ട് യോഗ്യത നേടി. ആതിഥേയരായ ഖത്തർ, മൊറോക്കോ, ഈജിപ്ത്, അൽജീരിയ, തുനീഷ്യ, സൗദി അറേബ്യ, ഇറാഖ്, ജോർദാൻ, യു.എ.ഇ എന്നീ ടീമുകളാണ് ഇടം ഉറപ്പാക്കിയത്. ശേഷിച്ച ഏഴു സ്ഥാനങ്ങളിലേക്കുള്ള ടീമുകളെ നവംബർ 25, 26 തിയ്യതികളിൽ ഖത്തറിൽ നടക്കുന്ന പ്ലേ ഓഫിലൂടെ തെരഞ്ഞെടുക്കും.

ലോകകപ്പ് ഫുട്ബാൾ തയാറെടുപ്പുകളുടെ ഭാഗമായി 2021ലായിരുന്നു അറബ് കപ്പിന് ഖത്തർ വേദിയായത്. പത്തു വർഷത്തെ ഇടവേളക്കുശേഷം പുനരാരംഭിച്ച ടൂർണമെന്റ് ഫിഫയുടെ പേരിൽ നാലുവർഷത്തിലൊരിക്കൽ എന്ന നിലയിൽ ക്രമീകരിച്ചാണ് തിരികെയെത്തുന്നത്. 2029, 2033 വർഷത്തെ അറബ് കപ്പിനും ഖത്തറാണ് വേദിയാകുന്നത്.

Related Tags :
Similar Posts