< Back
Qatar
ഉദ്ഘാടനത്തിന് പിന്നാലെ ഗിന്നസ് ബുക്കില്‍ ഇടംപിടിച്ച് ലുസൈല്‍ ഇലക്ട്രിക് ബസ് ഡിപ്പോ
Qatar

ഉദ്ഘാടനത്തിന് പിന്നാലെ ഗിന്നസ് ബുക്കില്‍ ഇടംപിടിച്ച് ലുസൈല്‍ ഇലക്ട്രിക് ബസ് ഡിപ്പോ

Web Desk
|
19 Oct 2022 9:57 PM IST

ലോകത്തെ ഏറ്റവും വലിയ ഇലക്ട്രിക് ബസ് ഡിപ്പോ എന്ന നിലയിലാണ് ഗിന്നസ് ബുക്കില്‍ ഇടംപിടിച്ചത്

ദോഹ: ഉദ്ഘാടനത്തിന് പിന്നാലെ ഗിന്നസ് ബുക്കില്‍ ഇടംപിടിച്ച് ലുസൈല്‍ ഇലക്ട്രിക് ബസ് ഡിപ്പോ. ലോകത്തെ ഏറ്റവും വലിയ ഇലക്ട്രിക് ബസ് ഡിപ്പോ എന്ന നിലയിലാണ് ഗിന്നസ് ബുക്കില്‍ ഇടംപിടിച്ചത്. 4 ലക്ഷം സ്ക്വയര്‍ മീറ്റര്‍ വിശാലതയില്‍ 478 ബസുകള്‍ക്ക് പാര്‍ക്ക് ചെയ്യാന്‍ കഴിയുന്ന രീതിയിലാണ് ലുസൈല്‍ ബസ് ഡിപ്പോ സജ്ജീകരിച്ചിരിക്കുന്നത്.

വിപുലമായ സൗകര്യങ്ങളോട് കൂടിയ ഡിപ്പോയില്‍ ചാര്‍ജിങ് സംവിധാനങ്ങള്‍, ജീവനക്കാര്‍ക്കുള്ള താമസ സ്ഥലം, ബസുകളുടെ അറ്റകുറ്റപ്പണിക്കുള്ള സ്ഥലം, എന്നിവ ഒരുക്കിയിട്ടുണ്ട്. റാപ്പിഡ് ട്രാന്‍സിറ്റ് ബസുകള്‍ക്കുള്ള ഏരിയയാണ് മറ്റൊരു പ്രത്യേകത. നിലവില്‍ ഇത്തരത്തിലുള്ള 24 ബസുകള്‍ക്കാണ് സൗകര്യമുള്ളത്.

ലോകകപ്പിനായി ഖത്തര്‍ നിരത്തിലിറക്കിയ 25 ശതമാനം ബസുകള്‍ ഇലക്ട്രിക് ബസുകളാണ്. കാര്‍ബണ്‍ പുറംതള്ളല്‍ കുറച്ച് ക്ലീന്‍ എനര്‍ജി പരമാവധി ഉപയോഗപ്പെടുത്തുകയാണ് ഇലക്ട്രിക് ബസുകളെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ ലക്ഷ്യമിടുന്നത്.

Similar Posts