
ഫിഫ അണ്ടർ 17 ലോകകപ്പ്: മത്സരങ്ങൾ നിയന്ത്രിക്കാൻ 27 റഫറിമാർ
|പാനലിൽ മൂന്ന് ഖത്തരി ഒഫീഷ്യൽസും
ദോഹ: ഫിഫ അണ്ടർ 17 ലോകകപ്പിലെ മാച്ച് ഒഫീഷ്യൽസിനെ പ്രഖ്യാപിച്ചു. 27 റഫറിമാരും 54 അസിസ്റ്റന്റ് റഫറിമാരുമടക്കം 81 പേരെയാണ് ഫിഫ റഫറീസ് കമ്മിറ്റി പ്രഖ്യാപിച്ചത്. നവംബർ 3 മുതൽ 27 വരെയാണ് കൗമാര ലോകകപ്പിന് ഖത്തർ വേദിയാകുന്നത്. ചരിത്രത്തിൽ ആദ്യമായി 48 ടീമുകൾ പങ്കെടുക്കുന്ന ചാമ്പ്യൻഷിപ്പാണ് ഇത്തവണത്തേത്.
ദോഹയിലെ ആസ്പയർ സോണിലാണ് മത്സരങ്ങൾ അരങ്ങേറുന്നത്. കലാശപ്പോരിന് ഖലീഫ ഇന്റർനാഷനൽ സ്റ്റേഡിയം വേദിയാകും. ഓഫീഷ്യൽസിന്റെ പട്ടികയിൽ മൂന്ന് ഖത്തറികളും ഇടം പിടിച്ചു. റഫറിയായി മുഹമ്മദ് അഹ്മദ് അൽ ഷമ്മാരി, അസിസ്റ്റന്റ് റഫറിമാരായി ഖാലിദ് ഖലാഫ്, ഫൈസൽ ഈദ് അൽ ഷമ്മാരി എന്നിവരാണ് ആതിഥേയ രാജ്യത്തെ പ്രതിനിധീകരിക്കുക.
വാർ അഥവാ വീഡിയോ അസിസ്റ്റന്റ് റഫറി സംവിധാനത്തിന്റെ ചെലവു കുറഞ്ഞ രൂപമായ ഫുട്ബാൾ വീഡിയോ സപ്പോർട്ട് അഥവാ എഫ്.വി.എസ് ടൂർണമെന്റിൽ പരീക്ഷിക്കും. വാർ സംവിധാനത്തിൽ നിന്ന് വ്യത്യസ്തമായി, എഫ്.വി.എസിൽ പ്രത്യേക വീഡിയോ മാച്ച് ഒഫീഷ്യൽസില്ല. മത്സരത്തിൽ പരിമിതമായ റിവ്യൂ എടുക്കാനേ അവസരമുണ്ടാകൂ. ഗോൾ, പെനാൽറ്റി, ചുവപ്പ് കാർഡ് എന്നിവയിൽ സംശയം തോന്നിയാൽ റിവ്യൂ ആവശ്യപ്പെടാം.
കഴിഞ്ഞ വർഷം കൊളംബിയയിൽ നടന്ന ഫിഫ വനിത അണ്ടർ 20 ലോകകപ്പിലും ഡൊമിനിക്കൻ റിപ്പബ്ലിക്കിൽ നടന്ന ഫിഫ വനിത അണ്ടർ 17 ലോകകപ്പിലും ഫുട്ബാൾ വീഡിയോ സപ്പോർട്ട് സംവിധാനം വിജയകരമായി പരീക്ഷിച്ചിരുന്നു. ഈ വർഷം ചിലിയിൽ നടക്കുന്ന ഫിഫ അണ്ടർ 20 ലോകകപ്പിലും മൊറോക്കോ വേദിയാകുന്ന ഫിഫ വനിത അണ്ടർ 17 ലോകകപ്പിലും സംവിധാനം ഉപയോഗിക്കാനാണ് തീരുമാനം. ഭാവിതാരങ്ങളെ വാർത്തെടുക്കുന്നതിൽ അണ്ടർ 17 ലോകകപ്പ് ഒരു നാഴികക്കല്ലാണെന്ന് ഫിഫ റഫറീസ് കമ്മിറ്റി ചെയർമാൻ പിയർലൂയിജി കൊളിന പറഞ്ഞു. ഒഫീഷ്യൽസിന് തങ്ങളുടെ കരിയർ വികസിപ്പിക്കാനുള്ള അവസരവും ടൂർണമെന്റ് നൽകുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.