
ഗസ്സ വെടിനിർത്തൽ, അടുത്ത ഘട്ട ചർച്ച ഉടനെന്ന് ഖത്തർ
|ഒക്ടോബറിലാണ് ഗസ്സയിൽ വെടിനിർത്തൽ കരാർ യാഥാർഥ്യമായത്
ദോഹ: ഗസ്സ സമാധാന ചർച്ചകളുടെ അടുത്ത ഘട്ടം വൈകാതെയെന്ന് ഖത്തർ. ഇതുമായി ബന്ധപ്പെട്ട് ഇസ്രായേലും ഹമാസും തമ്മിലുള്ള കൂടിക്കാഴ്ച ഉടൻ നടക്കുമെന്നാണ് പ്രതീക്ഷയെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഒക്ടോബറിലാണ് ഗസ്സയിൽ വെടിനിർത്തൽ കരാർ യാഥാർഥ്യമായത്.
ദോഹയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ ഖത്തർ വിദേശകാര്യ വക്താവ് മാജിദ് അൽ അൻസാരിയാണ് സമാധാന ചർച്ചയുടെ അടുത്ത ഘട്ടത്തെ കുറിച്ച് വിശദീകരിച്ചത്. ഇസ്രായേലിനെയും ഹമാസിനെയും കൂടിക്കാഴ്ചയ്ക്കായി തങ്ങൾ പ്രേരിപ്പിച്ചു കൊണ്ടിരിക്കുകയാണ് എന്ന് അദ്ദേഹം പറഞ്ഞു. യെല്ലോ ലൈനിന് പിറകിലുള്ള തുരങ്കങ്ങളിലെ ഹമാസ് പോരാളികൾ അടക്കമുള്ള വിഷയങ്ങളിൽ ചർച്ചയുണ്ടാകുമെന്നും മാജിദ് അൽ അൻസാരി കൂട്ടിച്ചേർത്തു.
രണ്ടു വർഷത്തിലേറെ നീണ്ട യുദ്ധത്തിന് ശേഷം കഴിഞ്ഞ ഒക്ടോബർ പത്തിനാണ് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽഥാനി അടക്കമുള്ളവരുടെ മധ്യസ്ഥതയിൽ വെടിനിർത്തൽ യാഥാർഥ്യമായിരുന്നത്.
ഗസ്സയിൽ നിന്ന് ഇസ്രായേലിന്റെ സമ്പൂർണ പിന്മാറ്റം, ഹമാസിന്റെ നിരായുധീകരണം, ഗസ്സയിൽ പുതിയ ഗവണ്മെന്റ്, മാനുഷിക സഹായം എത്തിക്കൽ തുടങ്ങിയ കാര്യങ്ങൾ ഇനിയും ലക്ഷ്യത്തിലെത്തേണ്ടതുണ്ട്. കരാർ പ്രാബല്യത്തിൽ വന്നിട്ടും ഇസ്രായേൽ ഗസ്സയിൽ ആക്രമണം തുടരുന്ന സാഹചര്യവും നിലവിലുണ്ട്.