< Back
Qatar
ഇന്ത്യ-ഖത്തർ സ്വതന്ത്ര വ്യാപാര കരാർ യാഥാർഥ്യത്തിലേക്ക്
Qatar

ഇന്ത്യ-ഖത്തർ സ്വതന്ത്ര വ്യാപാര കരാർ യാഥാർഥ്യത്തിലേക്ക്

Web Desk
|
8 Sept 2025 10:02 PM IST

കരാറുമായി ബന്ധപ്പെട്ട ചട്ടക്കൂടുകൾക്ക് അവസാന രൂപം നൽകുന്നതിനായി കേന്ദ്ര വാണിജ്യ മന്ത്രി പിയൂഷ് ഗോയൽ ഒക്ടോബർ ആദ്യവാരം ദോഹയിലെത്തും

ദോഹ: ഖത്തറും ഇന്ത്യയും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാർ യാഥാർഥ്യത്തിലേക്ക്. അടുത്ത മാസം ആദ്യം ഇതുമായി ബന്ധപ്പെട്ട അന്തിമ ചർച്ചകൾ നടക്കുമെന്നാണ് റിപ്പോർട്ട്. വിപണിയുടെയും അവസരങ്ങളുടെയും പുതിയ വാതിൽ തുറക്കുന്നതാകും കരാർ. യുഎസ് ഏർപ്പെടുത്തിയ അധികത്തീരുവയുടെ ആഘാതം കുറയ്ക്കുന്നതിന്റെ ഭാഗമായാണ് ഖത്തർ അടക്കമുള്ള അറബ് രാഷ്ട്രങ്ങളുമായി ഇന്ത്യ വ്യാപാരക്കരാറിന് ശ്രമം നടത്തുന്നത്. കരാറുമായി ബന്ധപ്പെട്ട ചട്ടക്കൂടുകൾക്ക് അവസാന രൂപം നൽകുന്നതിനായി കേന്ദ്ര വാണിജ്യ മന്ത്രി പിയൂഷ് ഗോയൽ ഒക്ടോബർ ആദ്യവാരം ദോഹയിലെത്തും. ഇന്ത്യൻ ഗവണ്മെന്റ് വൃത്തങ്ങളെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമമായ റോയിട്ടേഴ്‌സാണ് വാർത്ത റിപ്പോർട്ടു ചെയ്തത്.

കഴിഞ്ഞ മാസം അവസാനം ഇന്ത്യ സന്ദർശിച്ച ഖത്തർ വിദേശവ്യാപാര-വാണിജ്യ വകുപ്പു സഹമന്ത്രി ഡോ. അഹ്‌മദ് ബിൻ മുഹമ്മദ് അൽ സഈദിന്റെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം കരാറുമായി ബന്ധപ്പെട്ട ചർച്ചകൾ നടത്തിയിരുന്നു. പിയൂഷ് ഗോയലിന് പുറമേ, ധനമന്ത്രി നിർമല സീതാരാമൻ, വകുപ്പു സഹമന്ത്രി പങ്കജ് ചൗധരി എന്നിവരുമായും ബിസിനസ് സമൂഹവുമായും സംഘം കൂടിക്കാഴ്ച നടത്തി. കരാർ യാഥാർഥ്യമായാൽ ഖത്തറുമായി ഊർജ മേഖലയിൽ പതിറ്റാണ്ടുകളായുള്ള സഹകരണം മറ്റു മേഖലകളിലേക്കു കൂടി വ്യാപിക്കും. ഖത്തറിന് പുറമേ, സൗദിയുമായും ഒമാനുമായും ഇന്ത്യ വ്യാപാര കരാറിന് ശ്രമിക്കുന്നുണ്ട്. ജിസിസി രാഷ്ട്രങ്ങളിൽ നിലവിൽ യുഎഇയുമായാണ് ഇന്ത്യക്ക് സ്വതന്ത്ര വ്യാപാര കരാറുള്ളത്.

അടുത്ത അഞ്ചു വർഷത്തിനുള്ളിൽ ഉഭയകക്ഷി വ്യാപാരം 28 ബില്യൺ ഡോളറിലെത്തിക്കാനാണ് ഇന്ത്യയും ഖത്തറും ലക്ഷ്യമിടുന്നത്. നിലവിൽ ഇത് 13.2 ബില്യൺ ഡോളറാണ്. ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽ ഥാനിയും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയും കഴിഞ്ഞ ഫെബ്രുവരിയിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇതു സംബന്ധിച്ച് ധാരണയായിരുന്നത്.

Similar Posts