Qatar
ഇസ്രായേല്‍ ആക്രമണം രൂക്ഷമായതിന് പിന്നാലെ ഇറാന്‍ വിദേശകാര്യ മന്ത്രി ഖത്തറില്‍
Qatar

ഇസ്രായേല്‍ ആക്രമണം രൂക്ഷമായതിന് പിന്നാലെ ഇറാന്‍ വിദേശകാര്യ മന്ത്രി ഖത്തറില്‍

Web Desk
|
31 Oct 2023 10:04 PM IST

അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറിയുമായും ഖത്തര്‍ ചര്‍ച്ച നടത്തിയിരുന്നു.

ദോഹ: ഗസ്സയ്ക്ക് പുറമെ വെസ്റ്റ് ബാങ്കിലും ഇസ്രായേല്‍ ആക്രമണം രൂക്ഷമായതിന് പിന്നാലെ ഇറാന്‍ വിദേശകാര്യ മന്ത്രി ഖത്തറിലെത്തി. ഖത്തര്‍ അമീറുമായും പ്രധാനമന്ത്രിയുമായും അദ്ദേഹം ചര്‍ച്ച നടത്തി. ഇന്നലെ അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറിയുമായും ഖത്തര്‍ ചര്‍ച്ച നടത്തിയിരുന്നു.

ഗസ്സയ്ക്ക് പുറമെ വെസ്റ്റ്ബാങ്കിലും ഇസ്രായേലിന്റെ ‌ആക്രമണങ്ങള്‍ രൂക്ഷമാകുകയാണ്. സംഘര്‍ഷം മേഖലയൊന്നാകെ ബാധിക്കുമെന്ന ആശങ്കകള്‍ക്കിടെയാണ് ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റഈസിയുടെ സന്ദേശവുമായി വിദേശകാര്യ മന്ത്രി ഹുസൈന്‍ അമിര്‍ അബ്ദുല്ലഹിയാന്‍ ഖത്തറിലെത്തിയത്.

ഫലസ്തീനിലെ നിലവിലെ സാഹചര്യങ്ങള്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയുമായും പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍താനിയുമായും അദ്ദേഹം ചര്‍ച്ച ചെയ്തു. ഇന്നലെ അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനുമായും ഖത്തര്‍ പ്രധാനമന്ത്രി ചര്‍ച്ച നടത്തിയിരുന്നു. വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുന്നതിനായി ഖത്തറിന്റെ മധ്യസ്ഥ ശ്രമങ്ങള്‍ തുടരുകയാണ്.

ബ്രസീല്‍, ഇറ്റലി. ബ്രിട്ടണ്‍ തുടങ്ങിയ രാജ്യങ്ങളുമായി ഖത്തര്‍ ആശയ വിനിമയം നട‌ത്തി. അതേസമയം ഇസ്രായേല്‍ ആക്രമണങ്ങള്‍ക്കെതിരെ അന്താരാഷ്ട്ര ലേബര്‍ ഓര്‍ഗനൈസേഷനും തൊഴിലാളി കൂട്ടായ്മകളും രംഗത്തിറങ്ങണമെന്ന് ഖത്തര്‍ തൊഴില്‍ മന്ത്രാലയം ആവശ്യപ്പെട്ടു.

Similar Posts