< Back
Qatar
Five Malayalis die in a road accident in Kenya.
Qatar

കെനിയ വാഹനാപകടം: പരിക്കേറ്റവരിൽ പാലക്കാട്, തൃശൂർ ജില്ലക്കാരും

Web Desk
|
10 Jun 2025 5:08 PM IST

ഖത്തറിൽ നിന്ന് വിനോദയാത്രക്കെത്തിയവരാണ് അപകടത്തിൽപ്പെട്ടത്

ദോഹ: ഖത്തറിൽനിന്ന് വിനോദയാത്രക്കെത്തിയപ്പോൾ കെനിയയിൽ വാഹനാപകടത്തിൽപ്പെട്ട് പരിക്കേറ്റവരിൽ പാലക്കാട്, തൃശൂർ ജില്ലക്കാരും. പാലക്കാട് നിന്നുള്ള ജോയൽ, മകൻ ട്രെവിസ്, ഭാര്യ റിയ, മകൾ ടൈര എന്നിവർക്കും തൃശൂർ ജില്ലയിൽ നിന്നുള്ള മുഹമ്മദ് ഹനീഫ്, ഭാര്യ ജസ്ന കുറ്റിക്കാട്ടുചാലിൽ, മകൾ റൂഹി മെഹ്‌റിൻ എന്നിവർക്കും അപകടത്തിൽ പരിക്കേറ്റു.

മലയാളികൾ ഉൾപ്പെടുന്ന വിനോദയാത്രാ സംഘം അപകടത്തിൽപ്പെട്ട് ആറു പേർ മരിച്ചിരുന്നു. സംഘം സഞ്ചരിച്ച വാഹനം വടക്കുകിഴക്കൻ കെനിയയിലെ ന്യാൻഡറുവ പ്രവിശ്യയിൽ വെച്ച് നിയന്ത്രണം നഷ്ടമായി താഴ്ചയിലേക്ക് മറിഞ്ഞായിരുന്നു അപകടം. നാല് പുരുഷന്മാരും ഒരു സ്ത്രീയും ഒരു കുഞ്ഞും ഉൾപ്പെടെ ആറ് പേർ മരിച്ചതായി കെനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 27 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ പ്രദേശത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂന്നുപേർക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. ഇവരെ നെയ്റോബിയിലെ ആശുപത്രിയിലേക്ക് മാറ്റും.

മലയാളികളും കർണാടക സ്വദേശികളും ഗോവൻ സ്വദേശികളും സംഘത്തിലുണ്ട്. മരിച്ചവരുടെ പേര് വിവരങ്ങൾ ലഭ്യമല്ല. മരിച്ച ഒരാൾ സ്വദേശി ആണെന്നാണ് വിവരം. മറ്റു അഞ്ച് പേർ ഇന്ത്യക്കാരാണ്. പ്രാദേശിക സമയം തിങ്കളാഴ്ച വൈകുന്നേരം നാല് മണിയോടെയായിരുന്നു അപകടം. ശക്തമായ മഴയിൽ സംഘം സഞ്ചരിച്ച വാഹനത്തിന്റെ നിയന്ത്രണം നഷ്ടമാവുകയും മരത്തിൽ ഇടിച്ച് താഴ്ചയിലേക്ക് മറിയുകയുമായിരുന്നുവെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Similar Posts