< Back
Qatar
Nations give full support to Qatar at the UN
Qatar

ഫലസ്തീനെ അംഗീകരിച്ച് കൂടുതൽ രാഷ്ട്രങ്ങൾ; സ്വാഗതം ചെയ്ത് ഖത്തർ

Web Desk
|
22 Sept 2025 9:50 PM IST

ഫലസ്തീൻ ജനതയുടെ വിജയമാണിതെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയം

ദോഹ: സ്വതന്ത്ര ഫലസ്തീനെ അംഗീകരിച്ച യു.കെ അടക്കമുള്ള രാഷ്ട്രങ്ങളുടെ നിലപാട് സ്വാഗതം ചെയ്ത് ഖത്തർ. ഫലസ്തീൻ ജനതയുടെ വിജയമാണിതെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.

സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിച്ച യു.കെ, കാനഡ, ആസ്‌ട്രേലിയ, പോർച്ചുഗൽ രാജ്യങ്ങളുടെ നിലപാടിനെയാണ് ഖത്തർ സ്വാഗതം ചെയ്തത്. ഫലസ്തീൻ ജനതയുടെ നിയമപരമായ അവകാശങ്ങൾക്കുള്ള അംഗീകാരമാണ് ഈ രാഷ്ട്രങ്ങൾ കൈക്കൊണ്ട നിലപാടെന്ന് വിദേശകാര്യ മന്ത്രാലയം പറഞ്ഞു.

അന്താരാഷ്ട്ര നിയമങ്ങൾക്കും യു.എൻ പ്രമേയങ്ങൾക്കും അനുസൃതമായി, ദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കുന്നതിനുള്ള ന്യൂയോർക്ക് പ്രഖ്യാപനത്തിന് അനുസൃതമായാണ് രാഷ്ട്രങ്ങളുടെ തീരുമാനം. ‌മേഖലയിൽ നീതിയുക്തവും ശാശ്വതവുമായ സമാധാനം സ്ഥാപിക്കാനുള്ള സാധ്യതകളെ ഇത് ശക്തിപ്പെടുത്തും. ദ്വിരാഷ്ട്ര പരിഹാരമെന്ന ലക്ഷ്യം കൈവരിക്കാനുള്ള പ്രാദേശികവും അന്തർദേശീയവുമായ നീക്കങ്ങൾ ഊർജിതപ്പെടുത്തുന്ന നിർണായക ചുവടുവെപ്പാണിതെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

ഫലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കാത്ത മറ്റു രാഷ്ട്രങ്ങളോട് സമാന നടപടികൾ സ്വീകരിക്കാൻ ഖത്തർ ആഹ്വാനം ചെയ്തു. 1967ലെ അതിർത്തികൾ അടിസ്ഥാനമാക്കി സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം രൂപവത്കരിക്കപ്പെടണമെന്ന പ്രഖ്യാപിത നിലപാട് ഖത്തർ ആവർത്തിച്ചു.

Similar Posts