< Back
Qatar
ഖത്തർ എയർവേസിന് റെക്കോർഡ് ലാഭം; 2024-25 സാമ്പത്തിക വർഷം നേടിയത് 785 കോടി റിയാൽ
Qatar

ഖത്തർ എയർവേസിന് റെക്കോർഡ് ലാഭം; 2024-25 സാമ്പത്തിക വർഷം നേടിയത് 785 കോടി റിയാൽ

Web Desk
|
19 May 2025 8:28 PM IST

ഇത് മുൻ വർഷത്തേക്കാൾ 28 ശതമാനം വർധനയാണ്

ദോഹ: ഖത്തർ എയർവേസ് ഗ്രൂപ്പിന് 2024-25 സാമ്പത്തിക വർഷത്തിൽ റെക്കോർഡ് ലാഭം. കമ്പനി പുറത്തുവിട്ട സാമ്പത്തിക റിപ്പോർട്ട് പ്രകാരം 785 കോടി റിയാലിന്റെ ലാഭമാണ് ഖത്തർ എയർവേസ് സ്വന്തമാക്കിയത്. ഇത് മുൻ വർഷത്തേക്കാൾ 28 ശതമാനം വർധനയാണ്. വരുമാനത്തിലും വലിയ മുന്നേറ്റം കാഴ്ചവെച്ച ഖത്തർ എയർവേസ് 8600 കോടി റിയാലാണ് ഈ കാലയളവിൽ നേടിയത്.

പാസഞ്ചർ, കാർഗോ, ഡ്യൂട്ടി ഫ്രീ എന്നീ വിഭാഗങ്ങളിൽ നിന്നുള്ള മികച്ച പ്രകടനമാണ് ഈ ലാഭത്തിന് പിന്നിൽ. പ്രത്യേകിച്ച് കാർഗോ സർവീസിൽ 17 ശതമാനം വരുമാന വർധനവുണ്ടായി. കോവിഡ് മഹാമാരിക്ക് ശേഷമുള്ള ഏറ്റവും മികച്ച വളർച്ചയാണിത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 506 കോടി റിയാലിന്റെ വർധനയാണ് വരുമാനത്തിൽ മാത്രം രേഖപ്പെടുത്തിയത്.

ആഗോള സമ്പദ്ഘടനയിലും ഏവിയേഷൻ മേഖലയിലുമുള്ള ഖത്തർ എയർവേസിന്റെ ഉയർന്ന സ്ഥാനമാണ് സാമ്പത്തിക റിപ്പോർട്ട് അടിയവരയിടുന്നതെന്ന് ചെയർമാൻ സഅദ് ഷെരീദ അൽ കഅബി പറഞ്ഞു. കഴിഞ്ഞ സാമ്പത്തിക വർഷം ഖത്തർ എയർവേസ് നിരവധി സുപ്രധാന ചുവടുവയ്പ്പുകൾ നടത്തി. പ്രതിവർഷം 65 മില്യൺ യാത്രക്കാരെ ഉൾക്കൊള്ളാൻ കഴിയുന്ന തരത്തിൽ ഹമദ് അന്താരാഷ്ട്ര വിമാനത്താവളം വികസിപ്പിച്ചു. കൂടാതെ, സ്റ്റാർ ലിങ്കുമായി സഹകരിച്ച് അതിവേഗ ഇന്റർനെറ്റ് സൗകര്യം, എ.ഐ. അധിഷ്ഠിത ക്യാബിൻ ക്രൂ എന്നിവയും അവതരിപ്പിച്ചു. വിർജിൻ ആസ്‌ത്രേലിയ, എയർ ലിങ്ക് എന്നിവയുടെ 25 ശതമാനം ഓഹരികൾ സ്വന്തമാക്കിയതും ഖത്തർ എയർവേസിന്റെ പ്രധാന നേട്ടങ്ങളിൽപ്പെടുന്നു.

Similar Posts