< Back
Qatar
ലോകത്തിലെ ഏറ്റവും സുരക്ഷിത എയർലൈനുകളിൽ ഖത്തർ എയർവേസ് മൂന്നാമത്
Qatar

ലോകത്തിലെ ഏറ്റവും സുരക്ഷിത എയർലൈനുകളിൽ ഖത്തർ എയർവേസ് മൂന്നാമത്

Web Desk
|
16 Jun 2025 11:42 PM IST

എയർലൈൻ റേറ്റിങ് ഡോട്ട് കോം തയ്യാറാക്കിയ പുതിയ റാങ്കിംഗിലാണ് നേട്ടം

ലോകത്തിലെ ഏറ്റവും സുരക്ഷിതമായ എയർലൈനുകളുടെ പട്ടികയിൽ ഖത്തർ എയർവേസ് മൂന്നാം സ്ഥാനം നേടി. എയർലൈൻ റേറ്റിങ് ഡോട്ട് കോം തയ്യാറാക്കിയ പുതിയ റാങ്കിംഗിലാണ് ഈ നേട്ടം. അഹമ്മദാബാദിലെ എയർ ഇന്ത്യ അപകടത്തിന്റെ പശ്ചാത്തലത്തിൽ വിമാനയാത്രാ സുരക്ഷയെക്കുറിച്ചുള്ള ചർച്ചകൾ സജീവമാകുന്ന സാഹചര്യത്തിലാണ് ഈ പട്ടിക പുറത്തുവന്നതെന്നത് ശ്രദ്ധേയമാണ്.

വിമാനങ്ങളുടെ കാലപ്പഴക്കം, വലുപ്പം, അപകട നിരക്ക്, ലാഭക്ഷമത, പൈലറ്റുമാരുടെ വൈദഗ്ധ്യം, പരിശീലനം തുടങ്ങിയ വിവിധ ഘടകങ്ങൾ പരിഗണിച്ചാണ് എയർലൈൻ റേറ്റിങ് ഡോട്ട് കോം ഈ പട്ടിക തയ്യാറാക്കുന്നത്. കൂടാതെ, പൈലറ്റുമാരുടെയും ഏവിയേഷൻ വിദഗ്ധരുടെയും അഭിപ്രായങ്ങളും അന്തിമ റാങ്കിംഗ് നിശ്ചയിക്കുന്നതിൽ നിർണായക പങ്ക് വഹിക്കുന്നുണ്ട്.

പുതിയ റാങ്കിംഗിൽ എയർ ന്യൂസിലൻഡ് ഒന്നാം സ്ഥാനത്തും ഓസ്‌ട്രേലിയൻ വിമാനക്കമ്പനിയായ ക്വാണ്ടാസ് രണ്ടാം സ്ഥാനത്തും എത്തി. ഖത്തർ എയർവേസിന് പുറമെ, യു.എ.ഇ ആസ്ഥാനമായ എമിറേറ്റ്‌സ്, എത്തിഹാദ് വിമാനക്കമ്പനികളും ആദ്യ പത്തിൽ ഇടംപിടിച്ച് അറബ് വ്യോമയാന മേഖലയുടെ മികവ് തെളിയിച്ചു.

സുരക്ഷിതമായ ലോ കോസ്റ്റ് എയർലൈനുകളുടെ പട്ടികയും ഇതോടൊപ്പം പുറത്തുവിട്ടിട്ടുണ്ട്. ഈ പട്ടികയിൽ എയർ ഏഷ്യ ആറാം സ്ഥാനത്തെത്തിയപ്പോൾ, എയർ അറേബ്യ 18-ആം സ്ഥാനത്തും ഇൻഡിഗോ 19-ആം സ്ഥാനത്തും ഇടം പിടിച്ചു.

Similar Posts