< Back
Qatar
Qatar Emirs visit to Moscow warms ties with Russia
Qatar

റഷ്യയുമായുള്ള ബന്ധം ഊഷ്മളമാക്കി ഖത്തർ അമീറിന്റെ മോസ്‌കോ സന്ദർശനം

Web Desk
|
17 April 2025 10:31 PM IST

രണ്ട് ബില്യൺ യൂറോയുടെ സംയുക്ത നിക്ഷേപ ഫണ്ടിന് ധാരണ

ദോഹ: ഖത്തർ -റഷ്യ ബന്ധം ഊഷ്മളമാക്കി അമീർ തമീം ബിൻ ഹമദ് ആൽതാനിയുടെ മോസ്‌കോ സന്ദർശനം. ഇരു രാജ്യങ്ങളും ചേർന്ന് രണ്ട് ബില്യൺ യൂറോയുടെ സംയുക്ത നിക്ഷേപ ഫണ്ടിന് ധാരണയായി. ഗസ്സ, സിറിയ വിഷയങ്ങളും ഖത്തർ അമീറും റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിനും ചർച്ച ചെയ്തു.

ഏഴ് വർഷത്തെ ഇടവേളയ്ക്ക് ശേഷമെത്തിയ ഖത്തർ അമീറിന് ഊഷ്മള വരവേൽപ്പാണ് മോസ്‌കോയിൽ ലഭിച്ചത്. പുടിനുമായി നടത്തിയ കൂടിക്കാഴ്ചയിൽ വിവിധ മേഖലകളിലെ സഹകരണത്തിന് ധാരണാപത്രങ്ങൾ ഒപ്പുവെച്ചു. ഇരു രാജ്യങ്ങൾക്കും തുല്യ പങ്കാളിത്തമുള്ള 200 കോടി യൂറോയുടെ

നിക്ഷേപ ഫണ്ടാണ് ഇതിൽ പ്രധാനം. ഖത്തർ ഇൻവെസ്റ്റ്‌മെന്റ് അതോറിയും റഷ്യൻ ഡയറക്ട് ഇൻവെസ്റ്റ്‌മെന്റ് ഫണ്ടും റഷ്യയിലെ വിവിധ മേഖലകളിൽ ഈ ഫണ്ട് നിക്ഷേപിക്കും. ആരോഗ്യം, മെഡിക്കൽ വിദ്യാഭ്യാസം, മെഡിക്കൽ സയൻസ്, സ്‌പോർട്‌സ് തുടങ്ങിയ മേഖലകളിലും കൂടുതൽ സഹകരണത്തിന് ഇരു രാജ്യങ്ങളും ധാരണയായി.

ഗസ്സയിൽ സമാധാനത്തിന് ഖത്തർ ആത്മാർഥമായ ശ്രമങ്ങളാണ് നടത്തിയതെന്ന് പുടിൻ പ്രകീർത്തിച്ചു. ഫലസ്തീനിലെ നിഷ്‌കളങ്കരായ മനുഷ്യൻ കൊല്ലപ്പെടുന്നത് ഇക്കാലത്തെ ദുരന്തമാണെന്നും റഷ്യൻ പ്രസിഡന്റ് പറഞ്ഞു. സിറിയയിൽ അസദ് ഭരണകൂടം മാറിയതിന് ശേഷമുള്ള അമീറിന്റെ സന്ദർശനത്തിന് ആ നിലയ്ക്കും ഏറെ പ്രാധാന്യമുണ്ടായിരുന്നു. പുതിയ ഭരണകൂടം ഖത്തറുമായി അടുത്തബന്ധം പുലർത്തുന്നുണ്ട്. സിറിയയിലെ റഷ്യൻ സൈനിക താവളങ്ങൾ തുടരുന്നതിനെ അമീർ പിന്തുണച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മധ്യസ്ഥ ശ്രമങ്ങൾ നടത്തുന്ന രാജ്യമെന്ന നിലയിൽ യുക്രൈൻ -റഷ്യയുദ്ധം അവസാനിപ്പിക്കുന്നതിനുള്ള സാധ്യതകളും ചർച്ചയായി.

Similar Posts