
ഖത്തര്‍ എനര്‍ജിയുടെ അമേരിക്കന്‍ പ്രൊജക്ടില്‍ നിന്ന് ഈ വര്‍ഷം ഉല്‍പാദനം തുടങ്ങുമെന്ന് ഊര്‍ജ സഹമന്ത്രി സഅദ് ഷെരീദ അല്‍ കഅബി
|2030 ഓടെ ഖത്തര്‍ എനര്‍ജിയുടെ എല്‍എന്‍ജി ഉല്‍പാദനം 160 മില്യണ്‍ ടണ്ണിലെത്തും
ദോഹ: ഖത്തര്‍ എനര്‍ജിയുടെ അമേരിക്കന്‍ പ്രൊജക്ടില്‍ നിന്ന് ഈ വര്‍ഷം ഉല്‍പാദനം തുടങ്ങുമെന്ന് ഊര്‍ജ സഹമന്ത്രി സഅദ് ഷെരീദ അല്‍ കഅബി. 2030 ഓടെ ഖത്തര്‍ എനര്‍ജിയുടെ എല്‍എന്‍ജി ഉല്‍പാദനം 160 മില്യണ്‍ ടണ്ണിലെത്തുമെന്നും മന്ത്രി പറഞ്ഞു. ഖത്തര്‍ എക്കണോമിക് ഫോറത്തില്‍ സംസാരിക്കുകായിരുന്നു അദ്ദേഹം. അമേരിക്കയിലെ ടെക്സാസിലെ ഗോള്‍ഡൻ പാസ് എല്‍എന്‍ജി പ്രൊജക്ടില്‍ ഖത്തര്‍ എനര്‍ജിക്ക് 70 ശതമാനം ഓഹരിയാണുള്ളത്. പ്രതിവര്‍ഷം 18 മില്യണ്‍ ടണ്ണാണ് ഉല്‍പാദന ശേഷി. ഇവിടെ നിന്നും വര്‍ഷാവസാനത്തോടെ ഉല്‍പാദനം തുടങ്ങുമെന്ന് ഖത്തര്‍ ഊര്‍ജ സഹമന്ത്രിയും ഖത്തര്‍ എനര്‍ജി സിഇഒയുമായ സഅദ് ഷെരീദ അല്‍ കഅബി പറഞ്ഞു. അടുത്ത വര്‍ഷം പകുതിയോടെ നോര്‍ത്ത് ഫീല്‍ഡ് ഈസ്റ്റില്‍ നിന്ന് ഉല്‍പാദനം തുടങ്ങും. 2027 ഓടെ നോര്‍ത്ത് ഫീല്‍ഡ് സൗത്തില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുമെന്നും മന്ത്രി വ്യക്തമാക്കി. 2030 ഓടെ 160 മില്യണ്‍ ടണ്‍ ഉല്‍പാദനമാണ് ലക്ഷ്യമിടുന്നത്. ഇന്ത്യയും ചൈനയും അടക്കമുള്ള രാജ്യങ്ങളുമായി കൂടുതല്‍ ഊര്‍ജ കരാറുകള്‍ക്ക് ചര്‍ച്ചകള്‍ നടന്നു വരികയാണ്. ഖത്തറില്‍ നിന്നുള്ള ദ്രവീകൃത പ്രകൃതി വാതകത്തിന് പുറമെ 30 മുതല്‍ 40 മില്യണ്‍ ടണ്‍ എല്‍എന്‍ജി കൂടി കൈകാര്യം ചെയ്യുന്ന രീതിയില്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കുകയാണ് കമ്പനിയെന്നും സഅദ് ഷെരീദ അല്‍ കഅബി വ്യക്തമാക്കി.