ദോഹയിലെ ഇന്ത്യന്‍ കോഫി ഹൗസ് വെള്ളിയാഴ്ച തുറക്കും
|ചലച്ചിത്ര താരം മഞ്ജു വാര്യര്‍ ഇന്ത്യന്‍ കോഫി ഹൗസിന്‍റെ റീ ഓപ്പണിംഗ് നിര്‍വഹിക്കും
ദോഹയിലെ ഫരീജ് അബ്ദുല്‍ അസീസിലെ ഇന്ത്യന്‍ കോഫി ഹൗസ് ഈ മാസം 16ന് വെള്ളിയാഴ്ച വീണ്ടും തുറന്ന് പ്രവർത്തിക്കുമെന്ന് മാനേജ്‌മെന്‍റ് പ്രതിനിധികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ചലച്ചിത്ര താരം മഞ്ജു വാര്യര്‍ ഇന്ത്യന്‍ കോഫി ഹൗസിന്‍റെ റീ ഓപ്പണിംഗ് നിര്‍വഹിക്കും. നടൻ മിഥുന്‍ രമേശ് ഉള്‍പ്പെടെ പ്രമുഖർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കും.
ഇന്ത്യന്‍ ഭക്ഷണ പ്രിയരുടെ ഇഷ്ടകേന്ദ്രമായിരുന്ന ഇന്ത്യന്‍ കോഫി ഹൗസ് നഗര വികസനങ്ങളുടെ ഭാഗമായി മേഖലയിലെ റോഡുകള്‍ ദീര്‍ഘകാലത്തേക്ക് അടച്ചിട്ട സാഹചര്യത്തിലായിരുന്നു റസ്റ്റോറന്‍റ് താൽകാലികമായി അടച്ചിട്ടിരിക്കുകയായിരുന്നു. ഉദ്ഘാടനത്തിന്റെ ഭാഗമായി വെള്ളിയാഴ്ച ഉച്ചക്ക് 12 മുതല്‍ മൂന്ന് മണി വരെ 'സെലിബ്രേറ്റ് ഓണം വിത്ത് മഞ്ജു വാര്യര്‍ ആന്റ് മിഥുന്‍' എന്ന പേരില്‍ ഓണസദ്യയും ആഘോഷ പരിപാടികളും സംഘടിപ്പിക്കും. . ടിക്കറ്റ് അടിസ്ഥാനത്തിലാണ് പ്രവേശനം. ഒരാൾക്ക് 200 റിയാലും നാലുപേരുടെ ഫാമിലി ടിക്കറ്റിന് 600 റിയാലുമാണ് നിരക്ക്.
ദോഹയിലെ അമേച്വര്‍ ഷെഫുകള്‍ക്കായി നടത്തുന്ന ഡെസേര്‍ട്ട് മേക്കിംഗ് മത്സരവും ഉദ്ഘാടനത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്നുണ്ട്. സെപ്തംബര്‍ 12നോ അതിനു മുമ്പായോ റസിപ്പികള്‍ അയക്കുന്ന ആദ്യ 20 പേര്‍ക്കായിരിക്കും മത്സരത്തില്‍ പങ്കെടുക്കാനുള്ള അവസരം. ഇതില്‍ നിന്നും തെരഞ്ഞെടുക്കുന്ന മൂന്നു പേര്‍ക്ക് മഞ്ജുവാര്യർ മെറിറ്റ് സര്‍ട്ടിഫിക്കറ്റുകള്‍ സമ്മാനിക്കും. വാര്‍ത്താ സമ്മേളനത്തില്‍ കാന്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് കമ്പനി സി.ഒ.ഒ അഹമ്മദ് കെ.ടി, അല്‍ക്ക മീര സണ്ണി, നാരായണന്‍ സി, അനീഷ് മോന്‍, സൗമ്യ രാജേഷ് എന്നിവര്‍ പങ്കെടുത്തു.