< Back
Qatar
മുന്‍ ക്യാപ്റ്റന്‍ ഹസന്‍ അല്‍ ഹൈദോസിനെ തിരിച്ചുവിളിച്ച് ഖത്തര്‍ ദേശീയ ഫുട്ബോള്‍ ടീം
Qatar

മുന്‍ ക്യാപ്റ്റന്‍ ഹസന്‍ അല്‍ ഹൈദോസിനെ തിരിച്ചുവിളിച്ച് ഖത്തര്‍ ദേശീയ ഫുട്ബോള്‍ ടീം

Web Desk
|
29 Jun 2025 10:44 PM IST

ഒക്ടോബറില്‍ നടക്കുന്ന നിര്‍ണായക ലോകകപ്പ് യോഗ്യതാ മത്സരങ്ങളില്‍ ഹൈദോസ് കളിക്കും

ദോഹ: മുന്‍ ക്യാപ്റ്റന്‍ ഹസന്‍ അല്‍ ഹൈദോസിനെ തിരിച്ചുവിളിച്ച് ഖത്തര്‍ ദേശീയ ഫുട്ബോള്‍ ടീം. ഒക്ടോബറില്‍ നടക്കുന്ന നിര്‍ണായക ലോകകപ്പ് യോഗ്യതാ മത്സരങ്ങളില്‍ ഹൈദോസ് കളിക്കും. ഖത്തറിന് ഏഷ്യന്‍ കപ്പ് കിരീടം സമ്മാനിച്ചാണ് 34 കാരനായ ഹസന്‍ അല്‍ ഹൈദോസ് അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത്. എന്നാല്‍ ദേശീയ ടീം ലോകകപ്പ് യോഗ്യതാ റൗണ്ടിലെ നിര്‍ണായക പോരാട്ടങ്ങള്‍ക്കിറങ്ങുമ്പോള്‍ ഒരിക്കല്‍ കൂടി മെറൂൺ ജേഴ്സി അണിയാന്‍ സന്നദ്ധനാവുകയാണ് താരം. ഒക്ടോബറിലാണ് ഖത്തര്‍ നാലാം റൗണ്ട് പോരാട്ടങ്ങള്‍ക്ക് ഇറങ്ങുന്നത്. ഗ്രൂപ്പ് ചാമ്പ്യന്മാരായാല്‍ ലോകകപ്പില്‍ പന്തുതട്ടാം. രണ്ടാം സ്ഥാനക്കാരായാലും പ്ലേ ഓഫ് സാധ്യതകള്‍ ഉണ്ടെങ്കിലും കഠിന പരീക്ഷണങ്ങളെ അതിജീവിച്ച് വേണം ലക്ഷ്യം കാണാന്‍. ഈ സാഹചര്യത്തിലാണ് പുതിയ പരിശീലകന്‍ യുലന്‍ ലോപെറ്റെഗ്വി ഹൈദോസിന്റെ സേവനം ആവശ്യപ്പെട്ടത്. ഖത്തറിനായി ഏറ്റവും കൂടുതൽ അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ച താരമാണ് ഹൈദോസ്. 183 മത്സരങ്ങളിൽ നിന്നായി 43 ഗോളും സ്വന്തമാക്കിയിട്ടുണ്ട്. അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്ന് വിരമിച്ചെങ്കിലും ഖത്തർ സ്റ്റാർസ് ലീഗ് ക്ലബ് അൽ സദ്ദിനായി ഇപ്പോഴും ഹൈദോസ് കളിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ഹൈദോസുമായുള്ള കരാർ ക്ലബ് പുതുക്കിയിരുന്നു.

Similar Posts