ഗസ്സയ്ക്ക് അന്താരാഷ്ട്ര പിന്തുണവേണമെന്ന് ഖത്തര്‍ പ്രധാനമന്ത്രി.
|കരാര്‍ പാലിക്കുന്നത് ഉറപ്പാക്കാന്‍ യുഎന്‍ രക്ഷാസമിതി പ്രമേയം പാസാക്കുമെന്നാണ് പ്രതീക്ഷയെന്നും ഖത്തര്‍ പ്രധാനമന്ത്രി പറഞ്ഞു.
ദോഹ: ഗസ്സയ്ക്ക് അന്താരാഷ്ട്ര പിന്തുണവേണമെന്ന് ഖത്തര്‍ പ്രധാനമന്ത്രി ശൈഖ് അബ്ദുറഹ്മാന്‍ അല്‍താനി. അല്‍ജസീറ ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് ഗസ്സയിലെ ജനങ്ങള്‍ക്ക് സഹായമെത്തിക്കാന്‍ അന്താരാഷ്ട്ര തലത്തിലുള്ള പിന്തുണ ആവശ്യപ്പെട്ടത്. ദുരിതമനുഭവിക്കുന്ന മനുഷ്യര്‍ക്ക് സഹായമെത്തിക്കുന്നതില്‍ ബ്ലാക് മെയിലിങ് തടയാന്‍ മധ്യസ്ഥ രാജ്യങ്ങളായ ഈജിപ്ത് അമേരിക്ക എന്നിവരുമായി ചേര്‍ന്ന് ഖത്തര്‍ പ്രോട്ടോക്കോള്‍ തയ്യാറാക്കിയിട്ടുണ്ട്. കരാര്‍ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ യുഎന്‍ പ്രമേയം പാസാക്കണം. കരാറില്‍ നിന്ന് പിന്മാറാന്‍ ഇസ്രായേല്‍ പ്രധാനമന്ത്രി തീരുമാനിച്ചാല്‍ അദ്ദേഹം ആയിരം കാരണങ്ങള്‍ സൃഷ്ടിക്കാനാകും. എന്നാല്‍ പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഈജിപ്ത് തലസ്ഥാനമായ കെയ്റോ കേന്ദ്രീകരിച്ച് ജോയിന്റ് ഓപ്പറേഷന്‍ സെന്റര്‍ പ്രവര്‍ത്തിക്കുമെന്നും ഖത്തര്‍ പ്രധാനമന്ത്രി വ്യക്തമാക്കി. മധ്യസ്ഥതയുടെ പേരില്‍ ഖത്തറിനെതിരെ നടന്നത് അനാവശ്യ വിമര്‍ശനങ്ങളാണ്. യുദ്ധം അവസാനിപ്പിക്കാന്‍ അവരൊന്നും ചെയ്തില്ല. പ്രവര്‍ത്തനങ്ങളിലൂടെയാണ് ആരോപണങ്ങള്‍ക്ക് ഖത്തര്‍ മറുപടി നല്‍കിയതെന്നും ശൈഖ് അബ്ദുറഹ്മാന്‍ അല്‍താനി ചൂണ്ടിക്കാട്ടി. യുദ്ധാനന്തരമുള്ള ഗസ്സ എങ്ങനെയായിരിക്കണമെന്ന് തീരുമാനിക്കേണ്ടത് ഫലസ്തീന്‍ ജനതയാണ്. പുറത്ത് നിന്നുള്ളവര്‍ക്ക് ഇക്കാര്യത്തില്‍ ഇടപെടാന്‍ അവകാശമില്ല. എന്നാല്‍ അവരെ ഗസ്സയിലെ ജനങ്ങളെ സഹായിക്കേണ്ടത് അറബ്, ഇസ്ലാമിക് രാജ്യങ്ങളുടെ ഉത്തരവാദിത്തമാണെന്നും ഖത്തര്‍ പ്രധാനമന്ത്രി പറഞ്ഞു. ഞായറാഴ്ച പ്രാദേശിക സമയം രാവിലെ എട്ടര മുതലാണ് വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വരുന്നത്.