< Back
Qatar
Qatar slams Israeli Prime Minister Benjamin Netanyahus accusations
Qatar

'വ്യാജ വാദങ്ങളുയർത്തി നരഹത്യയെ ന്യായീകരിക്കുന്നു'; ഇസ്രായേൽ പ്രധാനമന്ത്രിക്കെതിരെ ഖത്തർ

Web Desk
|
4 May 2025 10:31 PM IST

'138 ലേറെ ബന്ദികളുടെ മോചനം സാധ്യമാക്കിയത് ഇസ്രായേലിന്റെ യുദ്ധമോ അതോ മധ്യസ്ഥ ശ്രമങ്ങളോ'

ദോഹ: ഇസ്രായേൽ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹുവിന്റെ ആരോപണങ്ങൾക്കെതിരെ ഖത്തർ. വ്യാജ വാദങ്ങളുയർത്തി നരഹത്യയെ ന്യായീകരിക്കുകയാണ് ഇസ്രായേലെന്ന് ഖത്തർ കുറ്റപ്പെടുത്തി. സമ്മർദങ്ങൾ നിലപാടിൽ മാറ്റമുണ്ടാക്കില്ലെന്നും ഖത്തർ വ്യക്തമാക്കി.

ഗസ്സ വിഷയത്തിൽ ഖത്തർ ഇരട്ട ഗെയിം കളിക്കുന്നുവെന്നാണ് ഇസ്രായേൽ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹുവിന്റെ ആരോപണം. സിവിലൈസേഷനും ബാർബറിസവും തമ്മിലുള്ള യുദ്ധമാണ് ഇപ്പോൾ നടക്കുന്നതെന്നും നെതന്യാഹു സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ കുറിച്ചു. അന്താരാഷ്ട്ര നീതി ന്യായ കോടതിയിൽ ഇസ്രായേലിനെതിരെ ഖത്തർ ശക്തമായ നിലപാട് സ്വീകരിച്ചതിന് പിന്നാലെയാണ് നെതന്യാഹുവിന്റെ ആരോപണം.

നെതന്യാഹുവിന്റെ ആക്ഷേപങ്ങൾക്കെതിരെ ശക്തമായ ഭാഷയിലാണ് ഖത്തർ പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവ് മാജിദ് അൽ അൻസാരി മറുപടി നൽകിയത്. വ്യാജകഥകളുണ്ടാക്കി നിരപരാധികളെ വേട്ടയാടുന്നത് ന്യായീകരിക്കുകയാണ് ഇസ്രായേൽ. 138 ലേറെ ബന്ദികളുടെ മോചനം സാധ്യമാക്കിയത് ഇസ്രായേലിന്റെ യുദ്ധമാണോ അതോ മധ്യസ്ഥ ശ്രമങ്ങളാണോയെന്ന് വ്യക്തമാക്കണം. ചരിത്രത്തിന്റെ ഏറ്റവും വലിയ മാനുഷിക ദുരന്തമാണ് ഗസ്സയിൽ നടക്കുന്നത്. മനുഷ്യരെ പട്ടിണിക്കിട്ട് കൊല്ലുന്നു. മരുന്നും സഹായവും രാഷ്ട്രീയ ആയുധമാക്കുന്നു. ഇതാണോ സിവിലൈസേഷനെന്നും എക്‌സിലൂടെ തന്നെ മാജിദ് അൽ അൻസാരി മറുപടി നൽകി. വ്യാഖ്യാനങ്ങളും സമ്മർദങ്ങളും ഖത്തറിന്റെ നിലപാടിനെ ബാധിക്കില്ല. 1967 ലെ അതിർത്തി പ്രകാരം സ്വതന്ത്ര്യ ഫലസ്തീൻ നിലവിൽ വരണമെന്നും മാജിദ് അൽ അൻസാരി ആവർത്തിച്ചു.

Similar Posts