
സൂഖ് വാഖിഫിൽ ഇനി ഈത്തപ്പഴ മധുരം
|ഈത്തപ്പഴമേള ഈ മാസം 24 ന് തുടങ്ങും
ദോഹ: ഖത്തറില്‍ ഈത്തപ്പഴക്കാലത്തിന്റെ വരവറിയിച്ച് സൂഖ് വാഖിഫ് ഈത്തപ്പഴമേള ഈ മാസം 24 ന് തുടങ്ങും. പ്രാദേശിക ഈത്തപ്പഴ വൈവിധ്യങ്ങള്‍ പരിചയപ്പെടുത്തുന്ന മേള രണ്ടാഴ്ച നീണ്ടുനില്‍ക്കും.
ചൂട് കനത്തതോടെ മരുഭൂമിയിലെ തോട്ടങ്ങളില്‍ ഈത്തപ്പഴങ്ങള്‍ പഴുത്ത് പാകമായിത്തുടങ്ങി. ഇനി വ്യത്യസ്ത രുചിയും നിറവും ഗുണങ്ങളുമുള്ള ഈത്തപ്പഴങ്ങളുടെ ഉത്സവകാലമാണ്. ഖത്തറില്‍ ഈത്തപ്പഴക്കാലത്തിന്റെ വരവറിയിച്ച് മുനിസിപ്പാലിറ്റി മന്ത്രാലയമാണ് സൂഖ് വാഖിഫില്‍ മേള സംഘടിപ്പിക്കുന്നത്. ഖത്തറിൻെറ വിവിധ മേഖലകളിൽ നിന്നുള്ള പ്രാദേശിക ഫാമുകളിൽ നിന്നായി വിളവെടുത്ത വ്യത്യസ്ത ഇനം ഈത്തപ്പഴങ്ങളുടെ ശേഖരങ്ങളുമായാണ് ഫെസ്റ്റിവൽ അരങ്ങേറുന്നത്. ഈത്തപ്പഴ പ്രിയര്‍ക്ക് ഏറെ ഇഷ്ടപ്പെട്ട അൽ ഖലാസ്, അൽ ഖിനയ്‌സി, അൽ ഷിഷി, അൽ ബർഹി, സഖായ് തുടങ്ങി ഇരുപതിലേറെ ഇനങ്ങള്‍ ഇവിടെ നിന്നും സ്വന്തമാക്കാം. ഈത്തപ്പഴം ഉപയോഗിച്ചുള്ള വിവിധ ഉല്‍പ്പന്നങ്ങളും ലഭ്യമാകും. പരമ്പരാഗതവും നൂതനവുമായ കൃഷി രീതികളും പരിചയപ്പെടാം. കഴിഞ്ഞ വര്‍ഷം നൂറിലേറെ പ്രാദേശിക ഫാമുകളാണ് മേളയ്ക്ക് എത്തിയത്.