< Back
Qatar
Qatar summons Iranian ambassador to protest Al Udeid attack
Qatar

അൽ ഉദൈദ് ആക്രമണം; ഇറാൻ അംബാസ്സഡറെ വിളിച്ചുവരുത്തി ഖത്തർ

Web Desk
|
24 Jun 2025 3:42 PM IST

യുഎൻ സെക്യൂരിറ്റി കൗൺസിലിനും സെക്രട്ടറി ജനറലിനും കത്തയച്ചു

ദോഹ: ഖത്തറിലെ അമേരിക്കൻ വ്യോമത്താവളമായ അൽ ഉദൈദ് ആക്രമിച്ചതിൽ ഇറാൻ അംബാസ്സഡറെ വിളിച്ചുവരുത്തി ഖത്തർ പ്രതിഷേധം അറിയിച്ചു. സംഭവത്തിൽ യുഎൻ സെക്യൂരിറ്റി കൗൺസിലിനും സെക്രട്ടറി ജനറലിനും കത്തയക്കുകയും ചെയ്തു. ഇന്നലെ ഖത്തർ സമയം വൈകിട്ട് ഏഴരയോടെയായിരുന്നു അൽ ഉദൈദ് വ്യോമത്താവളത്തിന് നേരെയുള്ള ആക്രമണം. ആക്രമണം പ്രതിരോധിച്ചതായി ഖത്തർ അറിയിച്ചിരുന്നു.

ഇറാന്റെ ആണവ നിലയങ്ങളിലെ അമേരിക്കൻ ആക്രമണത്തിനുള്ള തിരിച്ചടിയായിരുന്നു അൽ ഉദൈദ് വ്യോമത്താവളത്തിന് നേരെയുള്ള മിസൈൽ ആക്രമണം. മുന്നറിയിപ്പിനെ തുടർന്ന് വൈകുന്നേരം 6.45ഓടെ ഖത്തർ വ്യോമപരിധി അടച്ചിരുന്നു. 45 മിനുട്ടിനകം ഇറാന്റെ ആക്രമണമുണ്ടായി. തലസ്ഥാനമായ ദോഹയിലും അൽ വക്‌റ, ഐൻ ഖാലിദ്, ഇൻഡസ്ട്രിയൽ ഏരിയ ഉൾപ്പെടെ ജനവാസമേഖലയിൽ വലിയ ശബ്ദം അനുഭവപ്പെട്ടു. 19 മിസൈലുകളാണ് ഇറാൻ അയച്ചത്. മിസൈലുകൾ കൃത്യമായി പ്രതിരോധിച്ചെന്ന് ഖത്തർ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. ഒന്ന് അൽ ഉദൈദ് വ്യോമത്താവളത്തിൽ പതിച്ചെങ്കിലും

ആളപായമോ പരിക്കുകളോ ഇല്ല. ആക്രമണ വിവരം മുൻകൂട്ടി അറിയിച്ചിരുന്നതിനാൽ വ്യോമത്താവളം പൂർണമായും ഒഴിപ്പിച്ചിരുന്നു. ആക്രമണത്തെ ശക്തമായി അപലപിച്ച ഖത്തർ പ്രശ്‌നങ്ങൾക്ക് ചർച്ചകളിലൂടെ പരിഹാരം കാണണമെന്ന് ആവർത്തിച്ചു. സൗഹൃദ രാഷ്ട്രമായ ഖത്തറിന് നേരെയല്ല ആക്രമണമെന്നും അമേരിക്കയ്ക്കുള്ള മറുപടിയാണെന്നും ഇറാൻ പ്രതികരിച്ചു.

Similar Posts