
ഗസ്സ, ഹമാസ് നിലപാട് സ്വാഗതം ചെയ്ത് ഖത്തർ
|ഗസ്സയിൽ ഖത്തർ നടത്തുന്ന മധ്യസ്ഥ ശ്രമങ്ങൾക്ക് ഇറ്റലി പ്രധാനമന്ത്രി നന്ദി അറിയിച്ചു
ദോഹ: ഗസ്സയിലെ യുഎസ് പദ്ധതിയോട് അനുകൂലമായി പ്രതികരിച്ച ഹമാസിന്റെ നിലപാട് സ്വാഗതം ചെയ്ത് ഖത്തർ. യുദ്ധം അവസാനിപ്പിക്കാനുള്ള സക്രിയമായ ചുവടുവയ്പ്പാണ് ഹമാസിന്റേതെന്ന് ഖത്തർ വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. ഗസ്സയിൽ ഖത്തർ നടത്തുന്ന മധ്യസ്ഥ ശ്രമങ്ങൾക്ക് ഇറ്റലി പ്രധാനമന്ത്രി നന്ദി അറിയിച്ചു.
ഗസ്സയിലെ വെടിനിർത്തലുമായി ബന്ധപ്പെട്ട് യുഎസ് പ്രസിഡണ്ട് ഡോണൾഡ് ട്രംപ് മുമ്പോട്ടുവച്ച ഇരുപതിന പദ്ധതികളോടുള്ള ഹമാസിന്റെ പ്രതികരണത്തെയാണ് ഖത്തർ സ്വാഗതം ചെയ്തത്. സമാധാനം യാഥാർഥ്യമാകാൻ തങ്ങളുടെ പക്കലുള്ള മുഴുവൻ ബന്ദികളെയും വിട്ടയക്കാൻ തയ്യാറാണെന്നാണ് ഹമാസ് അറിയിച്ചിരുന്നത്. ചില പോയിന്റുകളിൽ കൂടുതൽ ചർച്ച ആവശ്യമാണെന്നും ഹമാസ് നേതൃത്വം വ്യക്തമാക്കിയിരുന്നു. പ്രഖ്യാപനത്തെ ട്രംപും സ്വാഗതം ചെയ്തിട്ടുണ്ട്.
യുഎസിന്റെ പങ്കാളിത്തത്തോടെ ഈജിപ്തുമായി ചേർന്ന് മധ്യസ്ഥ ശ്രമങ്ങൾ ഖത്തർ വേഗത്തിലാക്കുമെന്ന് വിദേശകാര്യമന്ത്രാലയം വക്താവ് മാജിദ് അൽ അൻസാരി പറഞ്ഞു. ബന്ദിമോചനവുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി പശ്ചിമേഷ്യയിലെ ട്രംപിന്റെ ദൂതൻ സ്റ്റീവ് വിറ്റ്കോഫും ജെറാദ് കുഷ്നറും ഈജിപ്തിലെത്തിയിട്ടുണ്ട്.
അതിനിടെ, ഗസ്സയിൽ സമാധാനം കൊണ്ടുവരാൻ ഖത്തർ നടത്തുന്ന മധ്യസ്ഥ ശ്രമങ്ങൾക്ക് ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോനി നന്ദി അറിയിച്ചു. യുദ്ധം അവസാനിപ്പിക്കാനുള്ള അസാധാരണ അവസരമാണ് കൈവന്നിട്ടുള്ളതെന്നും അത് നടപ്പാക്കാൻ രാഷ്ട്രങ്ങൾ പ്രതിജ്ഞാബദ്ധമാണെന്നും മെലോനി ചൂണ്ടിക്കാട്ടി.