< Back
Qatar
യുഎഇ പ്രസിഡന്റ് ദോഹയിൽ; ഖത്തർ അമീർ വരവേറ്റു
Qatar

യുഎഇ പ്രസിഡന്റ് ദോഹയിൽ; ഖത്തർ അമീർ വരവേറ്റു

Web Desk
|
10 Sept 2025 5:06 PM IST

സൗഹൃദ സന്ദർശനമെന്ന് ഔദ്യോഗിക വിശദീകരണം

ദോഹ: യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ദോഹയിൽ. ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനി ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ച് അദ്ദേഹത്തെയും കൂടെയുള്ള പ്രതിനിധി സംഘത്തെയും സ്വീകരിച്ചു. സൗഹൃദ സന്ദർശനത്തിനായാണ് സംഘം എത്തിയതെന്നാണ് യുഎഇ വാർത്താ ഏജൻസിയുടെ വിശദീകരണം. അമീറിന്റെ പ്രതിനിധി ശൈഖ് ജാസിം ബിൻ ഹമദ് അൽ താനി, പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്‌മാൻ അൽതാനി, മറ്റ് നിരവധി പ്രമുഖരും യുഎഇ പ്രസിഡന്റിനെ സ്വീകരിക്കാൻ വിമാനത്താവളത്തിലെത്തി.

ദുബൈ കിരീടാവകാശിയും യുഎഇ പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, അബൂദബി ഡെപ്യൂട്ടി ഭരണാധികാരിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായ ശൈഖ് തഹ്‌നൂൻ ബിൻ സായിദ് അൽ നഹ്യാൻ, ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ലെഫ്റ്റനന്റ് ജനറൽ ശൈഖ് സൈഫ് ബിൻ സായിദ് അൽ നഹ്യാൻ, എന്നിവരുൾപ്പെടെയുള്ള ഉന്നതതല സംഘം യുഎഇ പ്രസിഡന്റിന്റ കൂടെ ദോഹയിലെത്തിയിട്ടുണ്ട്.

അതേസമയം ഖത്തറിന് നേരെയുണ്ടായ ഇസ്രായേൽ നടത്തിയ ആക്രമണത്തെ ശക്തമായ ഭാഷയിൽ അപലപിച്ച് അറബ് രാജ്യങ്ങൾ. പരമാധികാരത്തെ ചോദ്യം ചെയ്ത സാഹചര്യത്തിൽ ഖത്തർ എടുക്കുന്ന ഏത് തീരുമാനത്തിനും ഒപ്പമുണ്ടാകുമെന്ന് ഗൾഫ് രാജ്യങ്ങൾ വ്യക്തമാക്കി. 22 അറബ് രാജ്യങ്ങൾ ഉൾപ്പെട്ട അറബ് ലീഗും, ആറ് ഗൾഫ് രാജ്യങ്ങളുടെ കൂട്ടായ്മയായ ഗൾഫ് സഹകരണ കൗൺസിലും ഏക സ്വരത്തിലാണ് ഖത്തറിനെതിരായ ഇസ്രായേൽ ആക്രമണത്തെ അപലപിച്ചത്.

ഇസ്രായേലിന്റേത് ഭീരുത്വം നിറഞ്ഞ നടപടിയാണെന്ന് അവർ കുറ്റപ്പെടുത്തി ഖത്തർ അമീറിനെ ഫോണിൽ വിളിച്ച യു.എ.ഇ പ്രസിഡന്റ്, സൗദി കിരീടാവകാശി, കുവൈത്ത് അമീർ എന്നിവർക്ക് പുറമേ, ബഹ്‌റൈൻ ശൂറാ കൗൺസിലും ഒമാൻ വിദേശകാര്യമന്ത്രാലയവും തങ്ങൾ ഒപ്പമുണ്ടാകുമെന്ന് വ്യക്തമാക്കി.

Similar Posts