< Back
Qatar
അണ്ടർ 17 ലോകകപ്പ്; പോർച്ചുഗലിന് കിരീടം
Qatar

അണ്ടർ 17 ലോകകപ്പ്; പോർച്ചുഗലിന് കിരീടം

Web Desk
|
28 Nov 2025 7:53 AM IST

പോർച്ചുഗലിന്റെ ആദ്യ അണ്ടർ 17 ലോകകപ്പ് കിരീടമാണിത്

ദോഹ: ഖത്തർ വേദിയായ ഫിഫ അണ്ടർ 17 ലോകകപ്പിൽ പോർച്ചുഗലിന് കിരീടം. ഫൈനലിൽ ഓസ്ട്രിയയെയാണ് പറങ്കിപ്പട കീഴടക്കിയത്. ഖലീഫ അന്താരാഷ്ട്ര സ്റ്റേഡിയത്തിലായിരുന്നു കലാശപ്പോര്. പോർച്ചുഗലിന്റെ ആദ്യ അണ്ടർ 17 ലോകകപ്പ് കിരീടമാണിത്. ലൂസേഴ്‌സ് ഫൈനലിൽ

കളിയുടെ മുപ്പത്തിരണ്ടാം മിനിറ്റിലാണ് ആദ്യ ​ഗോൾ പിറക്കുന്നത്. സ്വന്തം ഹാഫിൽ നിന്ന് പോർച്ചുഗൽ ഡിഫൻഡർ മൗറോ ഫുർതാദോ ഉയർത്തി നൽകിയ പന്ത് ഓസ്ട്രിയൻ ബോക്സിന്റെ ഇടതുമൂലയിൽ ഡ്യുവർതെ കുൻഹ സ്വീകരിച്ചു. അവിടന്ന് മതാവൂസ് മൈഡിലേക്ക്. എതിർ ഡിഫൻഡർമാർക്കിടയിലൂടെ ഓടിക്കയറിയ കുൻഹയിലേക്ക് മൈഡ് പന്തു മറിച്ചു. സിക്സ് യാർഡ് ബോക്സിന്റെ തൊട്ടു വെളിയിൽനിന്ന് കുൻഹയുടെ പാസ്. അതിനെ വലയിലേക്ക് വഴി തിരിച്ചുവിടേണ്ട ജോലിയേ അനിസിയോ കാബ്രലിന് ഉണ്ടായിരുന്നുള്ളൂ.

ടൂർണമെന്റിന്റെ ഫൈനൽ വരെ ഒരു തവണ മാത്രം ഭേദിക്കപ്പെട്ട ഓസ്ട്രിയൻ വല വീണ്ടും കുലുങ്ങി. പോർച്ചുഗീസ് സ്ട്രൈക്കർമാരായ കാബ്രലും സ്റ്റീവൻ മാനുവലും എതിർ പ്രതിരോധത്തിന് നിരന്തരം തലവേദനയുണ്ടാക്കി. കൗണ്ടർ അറ്റാക്കിലൂടെ പോർച്ചുഗൽ ഗോൾ മുഖത്തേക്ക് ഇരച്ചു കയറാനായിരുന്നു ആദ്യ പകുതിയിൽ ഓസ്ട്രിയയുടെ ശ്രമം.

എന്നാൽ തീർത്തും വ്യത്യസ്തമായിരുന്നു രണ്ടാം പകുതി. യോഹന്നാസ് മോസറും വാസ്ലിജെ മാർകോവിച്ചും അടങ്ങുന്ന ഓസ്ട്രിയൻ ആക്രമണ നിര എപ്പോൾ വേണമെങ്കിലും ഗോൾ നേടുമെന്ന് തോന്നി. ഒരുവേള പോസ്റ്റാണ് ഓസ്ട്രിയയ്ക്ക് വില്ലനായത്. അതോടൊപ്പം പോർച്ചുഗീസ് പ്രതിരോധവും ഉലയാതെ നിന്നു. ഒടുവിൽ കൗമാര കാല്പന്തിന്റെ കലാശപ്പോരിന് റഫറിയുടെ അന്തിമ വിസിൽ മുഴങ്ങുമ്പോൾ കിരീടം പോർച്ചുഗലിന്റെ ഷോക്കേസിലേക്ക്.

Similar Posts