Gulf
OIC

OIC

Gulf

ഗസ്സ വിഷയത്തിൽ അറബ്- ഇസ്‍ലാമിക രാജ്യങ്ങൾ ഒത്തുചേരും

Web Desk
|
9 Nov 2023 6:36 AM IST

ഞായറാഴ്ച ഒ.ഐ.സിയുടേയും ഉച്ചകോടികളാണ് നടക്കുക. ഞായറാഴ്ചയിലെ ഉച്ചകോടിയിൽ ഇറാൻ പ്രസിഡന്‍റ് ഇബ്രാഹിം റൈസിയും പങ്കെടുക്കുമെന്നാണ് വിവരം

റിയാദ്: ഗസ്സ വിഷയത്തിൽ അറബ്- ഇസ്‍ലാമിക രാജ്യങ്ങൾ ഈയാഴ്ച വീണ്ടും സൗദിയിലെ റിയാദിൽ ഒത്തു ചേരും. ശനിയാഴ്ച അറബ് ലീഗിന്‍റെയും ഞായറാഴ്ച ഒ.ഐ.സിയുടേയും ഉച്ചകോടികളാണ് നടക്കുക. ഞായറാഴ്ചയിലെ ഉച്ചകോടിയിൽ ഇറാൻ പ്രസിഡന്‍റ് ഇബ്രാഹിം റൈസിയും പങ്കെടുക്കുമെന്നാണ് വിവരം.

ഗസ്സയിൽ ഇസ്രായേലിന്‍റെ കൂട്ടക്കൊല തുടരുകയാണ്. ഇതിനിടെ ഇത് രണ്ടാം തവണയാണ് അറബ് രാഷ്ട്രങ്ങളുടെ കൂട്ടായ്മയായ അറബ് ലീഗും ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒ.ഐ.സിയും യോഗം വിളിച്ചിരിക്കുന്നത്. ശനിയാഴ്ച റിയാദിൽ അറബ് ലീഗ് യോഗം ചേരും. ഇതിനു മുന്നോടിയായി അംഗരാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാർ ഇന്ന് മുതൽ റിയാദിൽ ചർച്ച തുടരും. ഫലസ്തീന്‍റെ അഭ്യർഥന പ്രകാരമാണ് യോഗം വിളിച്ചിരിക്കുന്നത്. ഗസ്സയിലെ കൂട്ടക്കൊലയിൽ അറബ് ഇസ്‍ലാമിക രാജ്യങ്ങളുടെ സമ്മർദ്ദം ശക്തമാക്കാൻ ഫലസ്തീനിലെ പോരാളി സംഘങ്ങളും ആവശ്യപ്പെട്ടിരുന്നു.

ഞായറാഴ്ചയാണ് ഇസ്‍ലാമിക രാജ്യങ്ങളുടെ യോഗം. ഇതിൽ ഇറാൻ പ്രസിഡന്‍റ് ഇബ്രാഹിം റൈസിയും പങ്കെടുക്കും. ചൈനീസ് മധ്യസ്ഥതയിൽ സൗദിയുമായി ബന്ധം പുനസ്ഥാപിച്ച ശേഷമുള്ള ഇറാൻ പ്രസിഡന്‍റിന്‍റെ ആദ്യ സന്ദർശനമാകും ഇത്. ഗസ്സയിലെ വെടിനിർത്തലിന് ഇസ്രായേലിന് മേൽ സമ്മർദ്ദം ചെലുത്താനും യുദ്ധം പടരാതിരിക്കാനുമുള്ള നടപടികളും യോഗം ചർച്ച ചെയ്തേക്കും. ഉച്ചകോടി മീഡിയവണും നേരിട്ട് റിപ്പോട്ട് ചെയ്യും.

Similar Posts