< Back
Saudi Arabia
20 വര്‍ഷം തടവും 10 ലക്ഷം റിയാല്‍ പിഴയും; രാജ്യ സുരക്ഷയെ ബാധിക്കുന്ന വിവരങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്ക് സൗദിയുടെ മുന്നറിയിപ്പ്
Saudi Arabia

20 വര്‍ഷം തടവും 10 ലക്ഷം റിയാല്‍ പിഴയും; രാജ്യ സുരക്ഷയെ ബാധിക്കുന്ന വിവരങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്ക് സൗദിയുടെ മുന്നറിയിപ്പ്

Web Desk
|
29 March 2022 11:37 PM IST

രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട ചിത്രങ്ങളും വീഡിയോകളും അടുത്തിടെ സമൂഹമാധ്യമങ്ങളിൽ തെറ്റായ രീതിയിൽ പ്രചരിപ്പിച്ച സാഹചര്യത്തിലാണ് മുന്നറിയിപ്പ്

സൗദിയില്‍ ദേശസുരക്ഷയെ ബാധിക്കുന്ന വിവരങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്ക് പബ്ലിക് പ്രോസിക്യൂഷന്‍റെ മുന്നറിയിപ്പ്. രാജ്യ സുരക്ഷയുമായി ബന്ധപ്പെട്ട രഹസ്യ വിവരങ്ങളും ചിത്രങ്ങളും പ്രചരിപ്പിക്കുന്നവര്‍ക്ക് ഇരുപത് വര്‍ഷം തടവും പത്ത് ലക്ഷം റിയാല്‍ വരെ പിഴയും ലഭിക്കുമെന്ന് പ്രോസിക്യൂഷന്‍ വ്യക്തമാക്കി.

രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട ചിത്രങ്ങളും വീഡിയോകളും അടുത്തിടെ സമൂഹമാധ്യമങ്ങളില്‍ തെറ്റായ രീതിയില്‍ പ്രചരിപ്പിച്ച സാഹചര്യത്തിലാണ് മുന്നറിയിപ്പ്. ദേശസുരക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പ്രചരിപ്പിക്കുന്നത് അറസ്റ്റിന് കാരണമാകുന്ന കുറ്റകൃത്യമാണ്.

ദേശസുരക്ഷയെ ബാധിക്കുന്ന തരത്തില്‍ രാഷ്ട്രത്തിന്റെ രാഷ്ട്രീയ നയങ്ങളെയും നിലപാടുകളെയും കളങ്കപ്പെടുത്തുന്ന രഹസ്യ വിവരങ്ങള്‍, ഡിജിറ്റല്‍ രേഖകള്‍ തുടങ്ങിയവ പരസ്യപ്പെടുത്തുന്നത് അതീവ ഗുരുതരമായ കുറ്റമായി കണക്കാക്കും. ഇത്തരക്കാര്‍ക്ക് 20 വര്‍ഷം വരെ തടവും പത്ത് ലക്ഷം റിയാല്‍ വരെ പിഴയും അനുഭവിക്കേണ്ടി വരുമെന്നും സൗദി പബ്ലിക് പ്രോസിക്യൂഷന്‍ മുന്നറിയിപ്പ് നല്‍കി.

അനുമതിയില്ലാതെ ഔദ്യോഗിക വെബ്‌സൈറ്റുകളില്‍ പ്രവേശിക്കുക, നിയമ വിരുദ്ധമായ മാര്‍ഗത്തില്‍ വിവരങ്ങള്‍ ചോര്‍ത്തുക, അനധികൃതമായി വിവരങ്ങള്‍ സൂക്ഷിക്കുക, വിവരങ്ങള്‍ നശിപ്പിക്കുക തുടങ്ങിയവയും ദേശസുരക്ഷാ നിയമത്തിന് കീഴില്‍ വരുമെന്നും പ്രോസിക്യൂഷന്‍ വിശദീകരിച്ചു.

Related Tags :
Similar Posts