
2025 സൗദി ഓഹരി വിപണിയിൽ നഷ്ടങ്ങളുടെ വർഷം; നേട്ടമുണ്ടാക്കിയത് 26 കമ്പനികൾ മാത്രം
|അരാംകോയുടെ ഓഹരിയിൽ 15% ഇടിവാണ് കഴിഞ്ഞ വർഷമുണ്ടായത്
റിയാദ്: സൗദി ഓഹരി വിപണി കഴിഞ്ഞ വർഷം നേരിട്ടത് പത്ത് വർഷത്തിനിടയിലെ ഏറ്റവും വലിയ തിരിച്ചടി. 2025 അവസാനത്തിൽ പ്രധാന സൂചികയായ താസി അഥവാ തദാവുൽ ആൾ ഷെയർ ഇൻഡക്സ് 10,491 പോയിന്റിലാണ് വ്യാപാരം അവസാനിപ്പിച്ചത്. 2024-ന്റെ അവസാനത്തിൽ 12,037 പോയിന്റിലായിരുന്ന സൂചികയ്ക്ക് ഒറ്റ വർഷം കൊണ്ട് ഏകദേശം 1,546 പോയിന്റുകൾ (12.8 ശതമാനം) നഷ്ടമായി. 2015ന് ശേഷമുള്ള ഏറ്റവും വലിയ ശതമാനക്കണക്കിലുള്ള ഇടിവാണിത്. വർഷത്തിന്റെ അവസാന പാദത്തിലാണ് വിപണി ഏറ്റവും വലിയ തകർച്ച നേരിട്ടത്. അതിൽ മാത്രം സൂചിക 1,000 പോയിന്റിലധികം ഇടിഞ്ഞു.
ആഗോള രാഷ്ട്രീയ സാഹചര്യങ്ങളും സാമ്പത്തിക നയങ്ങളുമാണ് വിപണിയെ പ്രതികൂലമായി ബാധിച്ചത്. ട്രംപ് രണ്ടാമതും അധികാരമേറ്റതിന് ശേഷം ചൈനയും യൂറോപ്പുമായുണ്ടായ വ്യാപാര യുദ്ധം വിപണിയിൽ ആശങ്ക പടർത്തി. ഇതിന് പുറമെ അന്താരാഷ്ട്ര വിപണിയിൽ എണ്ണവിലയിലുണ്ടായ കടുത്ത ഏറ്റക്കുറച്ചിലുകളും സൗദി അരാംകോ ഉൾപ്പെടെയുള്ള വമ്പൻ കമ്പനികളുടെ ലാഭത്തിൽ വന്ന കുറവും തിരിച്ചടിയായി. കഴിഞ്ഞ വർഷം വിപണിയിലെ ഭൂരിഭാഗം ഓഹരികളും നഷ്ടം നേരിട്ടപ്പോൾ ലിസ്റ്റ് ചെയ്ത കമ്പനികളിൽ വെറും 26 എണ്ണം മാത്രമാണ് നേട്ടമുണ്ടാക്കിയത്. ഇതിൽ പ്രധാനമായും ടെലികമ്മ്യൂണിക്കേഷൻ, ഐ.ടി മേഖലകളിലെ ഓഹരികളാണുള്ളത്.
വിദേശ നിക്ഷേപകർക്കുള്ള നിയന്ത്രണങ്ങൾ നീക്കം ചെയ്യാനുള്ള ക്യാപ്പിറ്റൽ മാർക്കറ്റ് അതോറിറ്റിയുടെ പുതിയ നീക്കങ്ങൾ ഈ വർഷം വിപണിക്ക് കരുത്തായേക്കും. സൗദി സർക്കാർ പ്രഖ്യാപിച്ച വലിയ ബജറ്റ് വിഹിതവും പലിശ നിരക്കുകളിൽ പ്രതീക്ഷിക്കുന്ന കുറവും വിപണിയെ വീണ്ടും സജീവമാക്കുമെന്നാണ് പ്രതീക്ഷ.