< Back
Saudi Arabia
Ramadan fasting has started in Gulf countries

ഫയൽ ഫോട്ടോ 

Saudi Arabia

റമദാനിലെ 27ാം രാവ്: ഹറമിലെത്തിയത് 20 ലക്ഷത്തോളം വിശ്വാസികൾ

Web Desk
|
7 April 2024 12:54 AM IST

മസ്ജിദുൽ അഖ്സായുടെ മോചനത്തിനും ഫലസ്തീൻ ജനതക്ക് വേണ്ടിയും ഹറം ഇമാമുമാർ പ്രാർഥിച്ചു

മക്ക: റമദാനിലെ ഇരുപത്തിയേഴാം രാവിൽ ഇന്നലെ രാത്രി നമസ്കാരത്തിനായി ഹറമിലെത്തിയത് ഇരുപത് ലക്ഷത്തോളം വിശ്വാസികൾ. പാപമോചന പ്രാർഥനകൾക്കിടെ വിങ്ങിപ്പൊട്ടി ഹറമിലെ ഇമാമുമാർ. പാതിരാത്രി മുതൽ പുലർച്ചെ വരെ നീണ്ട പ്രാർഥനകൾക്ക് ഹറമും പരിസരവും റോഡുകളുമെല്ലാം നിറഞ്ഞൊഴുകി.

27ാം രാവിലാണ് ഏറ്റവും കൂടുതൽ വിശ്വാസികൾ മസ്ജിദുൽ ഹറമിലെത്തുന്നത്. റമദാനിലെ അവസാനത്തെ വെള്ളിയാഴ്ചയും ഇന്നലെ തന്നെയായിരുന്നതിനാൽ പതിവിലും കൂടുതൽ വിശ്വാസികൾ ഹറമുകളിലേക്ക് ഒഴുകിയെത്തി. വ്യാഴാഴ്ച രാത്രി മുതൽ തന്നെ ആരംഭിച്ചിരുന്നു മക്കയിലേക്കും മദീനയിലേക്കുമുള്ള തീർഥാടക പ്രവാഹം. കഅ്ബയുടെ മുറ്റം നിറഞ്ഞ് കവിഞ്ഞതിനാൽ ഉംറ തീർത്ഥാടകർ ഹറം പള്ളിയുടെ മുഴുവൻ നിലകളിലും മേൽക്കൂരയിലുമായാണ് ത്വവാഫ് കർമ്മം പൂർത്തിയാക്കിയത്. ഹറമിലേക്കുള്ള റോഡുകൾ പോലും കിലോമീറ്ററുകളോളം 27ാം രാവിലെ പ്രാർത്ഥനക്കെത്തിയ വിശ്വാസികളാൾ വീർപ്പ്മുട്ടി.

വിശുദ്ധ ഖുര്‍ആന്‍ ഇറങ്ങിയതായി വിശ്വസിക്കുന്ന രാവുകളിലൊന്നായിരുന്നു ഇന്നലത്തേത്. പുലര്‍ക്കാലം വരെ നീണ്ടുനിന്നു ഹറമിലെ പ്രാര്‍ഥനകള്‍. പ്രാർഥനക്ക് ഇരു ഹറം കാര്യാലയം മതകാര്യ വിഭാഗം മേധാവി ഷെയ്ഖ് അബ്ദുറഹ്മാൻ അൽ സുദൈസ് നേതൃത്വം നൽകി.

ആയിരം മാസങ്ങളേക്കാള്‍ പുണ്യമുള്ള രാവായാണ് ഖുര്‍ആന്‍ ഇറങ്ങിയ രാവിനെ ഇസ്ലാം വിശേഷിപ്പിക്കുന്നത്. ലൈലത്തുൽ ഖദ്ർ എന്ന് വിളിക്കപ്പെടുന്ന അനുഗ്രഹ രാവ്. ഈ രാവിൽ പാപമോചന പ്രാർഥനകളുമായി വിശ്വാസികൾ ഹറമിലേക്കൊഴുകി. ലോകത്ത് വിശ്വാസി സമൂഹം നേരിടുന്ന പ്രതിസന്ധികൾക്കായുള്ള പ്രാർഥനയും ഹറമിൽ നിറഞ്ഞു. മസ്ജിദുൽ അഖ്സായുടെ മോചനത്തിനുവേണ്ടിയും ഫലസ്തീൻ ജനതക്ക് വേണ്ടിയും ഹറം ഇമാമുമാർ പ്രാർത്ഥിച്ചു. പ്രാർഥനകൾക്കിടെ ഇമാമും വിശ്വാസികളും വിങ്ങിപ്പൊട്ടി.

ദേശഭാഷാ വർണവർഗ വിവേചനമൊന്നുമില്ലാതെ എല്ലാവരും ഒരുപോലെ അള്ളാഹുവിന് മുന്നിൽ അണിനിരന്ന സമത്വസുന്ദര രാവ്. കഅ്ബയുടെ മുറ്റമായ മതാഫും, പള്ളിയുടെ സകല ഭാഗങ്ങളും, റോഡുകളും കുത്തിയൊഴുകിയെത്തിയ വിശ്വാസികളാൽ നിറഞ്ഞു കവിഞ്ഞു. 20 ലക്ഷത്തോളം വിശ്വാസികളാണ് മക്കയിലെ മസ്ജിദുൽ ഹറമിലെത്തിയത്. മദീനയിലും തറാവീഹ് തഹജ്ജുദ് നമസ്കാരങ്ങളിലും പ്രാർത്ഥനയിലും ലക്ഷകണക്കിന് വിശ്വാസികൾ പങ്കെടുത്തു.

വിശ്വാസികളുടെ തിരക്ക് നിയന്ത്രിക്കാനും അടിയന്തിര സാഹചര്യങ്ങളെ നേരിടാനും ശക്തമായ പദ്ധതികളാണ് വിവിധ വകുപ്പുകൾക്ക് കീഴിൽ ഹറമുകളിൽ പൂർത്തിയാക്കിയത്. റമദാനിലെ അവസാന ഒറ്റരാവ് ഇനി 29 ആം രാവാണ്. അന്ന് വിശുദ്ധ ഖുർആൻ സമ്പൂർണമായി പാരായണം ചെയ്യുന്ന നമസ്കാരങ്ങൾക്കും ഖത്തമുൽ ഖുർആൻ പ്രാർത്ഥനക്കും ഹറം സാക്ഷ്യം വഹിക്കും.

Similar Posts