
സൗദിയിൽ ടൂറിസ്റ്റുകളുടെ എണ്ണം 40 ശതമാനം വർധിച്ചു: ധനവിനിയോഗത്തിൽ 74 ശതമാനം വർധന
|ഈ വർഷം ആദ്യ പകുതിയിൽ വിനോദ സഞ്ചാരികൾ 71.2 ബില്യൺ റിയാലാണ് സൗദിയിൽ ചെലവഴിച്ചത്.
റിയാദ്: സൗദിയിൽ ഈ വർഷം ആദ്യ പകുതിയിൽ വിനോദ സഞ്ചാരികളുടെ ധനവിനിയോഗം 74 ശതമാനം വർധിച്ചതായി റിപ്പോർട്ട്. കഴിഞ്ഞ മൂന്ന് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന ധനവിനിയോഗമാണിത്. സൗദി പൗരന്മാർ വിദേശ രാജ്യങ്ങളിൽ ടൂറിസത്തിനായി ചെലവഴിക്കുന്ന തുകയും അഞ്ചിരട്ടിയായി വർധിച്ചു.
ഈ വർഷം ആദ്യ പകുതിയിൽ വിനോദ സഞ്ചാരികൾ 71.2 ബില്യൺ റിയാലാണ് സൗദിയിൽ ചെലവഴിച്ചത്. കഴിഞ്ഞ വർഷം ആദ്യ പകുതിയെ അപേക്ഷിച്ച് 74 ശതമാനം വർധനവ് ഈ വർഷം രേഖപ്പെടുത്തി. കഴിഞ്ഞ മൂന്ന് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന ധനവിനിയോഗമാണിത്. ഇതിൽ 62 ശതമാനം പേർ ആഭ്യന്തര ടൂറിസ്റ്റുകളും, 38 ശതമാനം വിദേശികളുമാണ്.
26.7 ബില്യൺ റിയാൽ വിദേശ ടൂറിസ്റ്റുകളും 44.ബില്യൺ റിയാൽ ആഭ്യന്തര ടൂറിസ്റ്റുകളും ആദ്യ ആറു മാസത്തിനിടെ ചെലവഴിച്ചു. വിനോദസഞ്ചാര യാത്രക്കിടെ ഒരു രാത്രിയെങ്കിലും ഹോട്ടലുകളിലോ അപ്പാർട്ട്മെൻ്റുകളിലോ തങ്ങുന്ന സന്ദർശകരെയാണ് ടൂറിസ്റ്റുകളായി പരിഗണിക്കുന്നത്. പോയ വർഷം ആദ്യ പകുതിയിൽ 4.3 ബില്യൺ റിയാലായിരുന്നു സൗദി പൗരന്മാർ വിദേശ രാജ്യങ്ങളിൽ ടൂറിസത്തിനായി ചെലവഴിച്ചത്. എന്നാൽ ഈ വർഷം ആദ്യ പകുതിയിൽ അത് അഞ്ചിരട്ടിയായി വർധിച്ചു.