< Back
Saudi Arabia
home delivery permit law in Saudi Arabia will come into effect from July 1.
Saudi Arabia

സൗദിയിൽ ഡെലിവറി മേഖലയിൽ കണ്ടെത്തിയത് 4314 നിയമ ലംഘനങ്ങൾ

Web Desk
|
17 Oct 2024 9:44 PM IST

ബൈക്കുകൾക്ക് ലൈസൻസ് അനുവദിക്കുന്നത് നിർത്തി

റിയാദ്: സൗദിയിൽ ഡെലിവറി മേഖലയിൽ കണ്ടെത്തിയ നിയമ ലംഘനങ്ങൾ നാലായിരം കടന്നു. ട്രാൻസ്പോർട്ട് ജനറൽ അതോറിറ്റിയും ബന്ധപ്പെട്ട വകുപ്പുകളുമാണ് പരിശോധന ശക്തമാക്കിയത്. ഓർഡർ ഡെലിവറി ആപ്പുകളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ജീവനക്കാരുടെ 4314 നിയമ ലംഘനങ്ങളാണ് കണ്ടെത്തിയത്. ട്രാൻസ്പോർട്ട് ജനറൽ അതോറിറ്റിയുടെ നേതൃത്വത്തിലാണ് പരിശോധന ശക്തമാക്കിയിട്ടുള്ളത്.

നിയമാനുസൃതമായ യൂണിഫോം ധരിക്കാതെ ജോലി ചെയ്യുക, കരാറിലെത്താൻ അനുമതിയില്ലാത്ത ഡ്രൈവർമാരുമായി ഡെലിവറി കമ്പനികൾ കരാറുണ്ടാക്കുക, നിയമാനുസൃത വ്യവസ്ഥൾ പാലിക്കാത്ത ഡെലിവറി വാഹനങ്ങൾ ഉപയോഗിക്കൽ, വ്യവസ്ഥകൾ പാലിക്കാതെ ഡെലിവറി വാഹനങ്ങൾ ഓടിക്കൽ, സുരക്ഷയും കാര്യക്ഷമതയും ഉറപ്പാകാതെ ഡെലിവറി സേവനം നൽകൽ എന്നീ നിയമലംഘനങ്ങളാണ് പ്രധാനമായും കണ്ടെത്തിയത്.

സേവന നിലവാരം ഉയർത്തുക, കമ്പനികൾക്കിടയിലെ ആരോഗ്യകരമായ മത്സരാന്തരീക്ഷം സൃഷ്ടിക്കൽ, നിയമ വ്യവസ്ഥകൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തൽ എന്നിവയുടെ ഭാഗമായാണ് പരിശോധന. മേഖലയിലെ നിയമ ലംഘനങ്ങൾ ശ്രദ്ധയിൽപെടുന്നവർ 19929 എന്ന നമ്പറിലോ, ട്രാൻസ്പോർട്ട് ജനറൽ അതോറിറ്റിയുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴിയോ വിവരങ്ങൾ കൈമാറണം.

അതേസമയം, ഡെലിവറി മേഖലയിൽ പ്രവർത്തിക്കുന്ന ബൈക്കുകൾക്ക് പുതിയ ലൈസൻസ് അനുവദിക്കുന്നത് കഴിഞ്ഞ ദിവസം അതോറിറ്റി നിർത്തലാക്കിയിരുന്നു. പരിഷ്‌കരിച്ച നിയമാ വലി പുറത്തിറക്കിയതിന് ശേഷം മാത്രമായിരിക്കും പുതിയ ലൈസൻസുകൾ അനുവദിക്കൂ എന്നും അതോറിറ്റി വ്യക്തമാക്കി.

Similar Posts