
ഹജ്ജ്- ഉംറ തീർഥാടകർക്കായി 300 മില്യൺ റിയാലിന്റെ വികസന പദ്ധതികൾ; ത്രികക്ഷി ധാരണാപത്രത്തിൽ ഒപ്പുവെച്ച് സൗദി
|ജിദ്ദയിലെ ഹജ്ജ്-ഉംറ എക്സ്പോയിലാണ് ധാരണ
റിയാദ്: ഹജ്ജ്- ഉംറ തീർഥാടകർക്കായി 300 മില്യൺ റിയാലിന്റെ വികസന പദ്ധതികളുമായി ത്രികക്ഷി കരാറിൽ ഒപ്പുവെച്ച് സൗദി അറേബ്യ. ജിദ്ദയിൽ നടക്കുന്ന ഹജ്ജ്-ഉംറ എക്സ്പോ വേദിയിൽ ഔഖാഫ് മന്ത്രാലയവും നുസുക് ഹുമാനിറ്റേറിയൻ ഫൗണ്ടേഷനും പ്രിൻസസ് സീത ബിൻത് അബ്ദുൾഅസീസ് എൻഡോവ്മെന്റും ചേർന്നാണ് ധാരണാപത്രത്തിൽ ഒപ്പുവെച്ചത്.
ഹജ്ജ്- ഉംറ തീർഥാടനം കൂടുതൽ എളുപ്പവും സുഖപ്രദവുമാക്കുന്ന പദ്ധതികളുടെ പോർട്ട്ഫോളിയോ മൂന്ന് കക്ഷികളും ചേർന്ന് തയ്യാറാക്കും. സേവനങ്ങളിൽ കൂടുതൽ ഏകോപനങ്ങൾ നടപ്പാക്കുകയാണ് കരാറിന്റെ ലക്ഷ്യം. ഇതിൽ മൂന്ന് കക്ഷികളും സംയുക്തമായി സംഭാവനകൾ നൽകും. തീർഥാടകരുടെ ആവശ്യങ്ങൾ മുൻനിർത്തിയാകും വികസന പദ്ധതികളുടെ രൂപകൽപന. പോർട്ട്ഫോളിയോ വിശകലനം ചെയ്യുന്നതിനും അംഗീകരിക്കുന്നതിനുമായി ഒരു കമ്മിറ്റിയെയും രൂപീകരിക്കും.
ഇസ്ലാമിക നിയമങ്ങളുടെയും ചട്ടങ്ങളുടെയും ലക്ഷ്യങ്ങൾക്കനുസൃതമായി വ്യവസ്ഥകൾ നിറവേറ്റുന്നതിലും സാമ്പത്തികവും സാമൂഹികവുമായ വികസനത്തിലും ഔഖാഫ് നേതൃത്വം നൽകും. എൻഡോവ്‌മെന്റുകൾ സംഘടിപ്പിക്കുക, സംരക്ഷിക്കുക, വികസിപ്പിക്കുക എന്നിവയും അതേറിറ്റിയുടെ ചുമതലയാണ്.
ഹജ്ജ്- ഉംറ തീർഥാടകർക്കുള്ള പ്രൊജക്ടുകളിലെ സേവനങ്ങളുടെ ഗുണനിലവാരം ഉയർത്തുകയാണ് നുസുക് ഫൗണ്ടേഷന്റെ ഉത്തരവാദിത്തം. സാമൂഹിക പ്രവർത്തനങ്ങളിൽ മികവ് പ്രോത്സാഹിപ്പിക്കുന്നതിലൂടെ, ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനും സുസ്ഥിര വികസനം കൈവരിക്കുന്നതിനും പ്രിൻസസ് സീത ബിൻത് അബ്ദുൽ അസീസ് എൻഡോവ്‌മെന്റ് സംഭാവന നൽകും. ദരിദ്ര വിഭാഗങ്ങളെ ശാക്തീകരിക്കുന്നതിലും ഫൗണ്ടേഷൻ ശ്രദ്ധ കേന്ദ്രീകരിക്കും.
പ്രിൻസസ് സീത എൻഡോവ്മെന്റ് കമ്മിറ്റി ചെയർപേഴ്സൺ പ്രിൻസസ് ജവാഹിർ ബിൻത് തുർക്കി, ജനറൽ അതോറിറ്റി ഫോർ എൻഡോവ്മെന്റ്സിന്റെ ഗവർണർ ഇമാദ് അൽ-ഖറാഷി എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ധാരണാപത്രം തയ്യാറാക്കിയത്.