
ദമ്മാമിലെ കൊണ്ടോട്ടിക്കാർക്കായി പുതിയ കൂട്ടായ്മ പിറന്നു
|കിഴക്കൻ പ്രവിശ്യയിലെ കൊണ്ടോട്ടി നിവാസികൾക്കായി 'കൊണ്ടോട്ടിയൻസ് @ദമ്മാം' എന്ന പുതിയ കൂട്ടായ്മ പിറന്നു. ദമ്മാമിലെ റോയൽ മലബാർ റെസ്റ്റോറന്റ് ഓഡിറ്റോറിയത്തിലായിരുന്നു രൂപീകരണം.
കിഴക്കൻ പ്രവിശ്യയിലെ കാരണവരും ബദർ അൽ റാബി എംഡിയുമായ അഹ്‌മദ് പുളിക്കൽ (വല്യപ്പുക്ക) മുഖ്യാതിഥിയായിരുന്നു. സാംസ്‌കാരിക, സാമൂഹിക, രാഷ്ട്രീയ മത ബിസിനസ് രംഗത്തുള്ള കൊണ്ടോട്ടിക്കാരായ നിരവധി വ്യക്തിത്വങ്ങൾ സംബന്ധിച്ച പ്രഥമ സംഗമം ജനപങ്കാളിത്തം കൊണ്ടും ഉള്ളടക്കം കൊണ്ടും മികച്ചതായി.
'കൊണ്ടോട്ടിയൻസ് @ ദമ്മാം എന്ന പ്രവാസി സംഘടന' എന്ന പ്രമേയത്തിൽ സിദ്ദീഖ് ആനപ്ര സംഘടനയുടെ വിഷൻ അവതരിപ്പിച്ചു. ജീവിതാഭിലാഷങ്ങൾ നേടിയെടുക്കുന്നതിനിടയിൽ നാടിനും നാട്ടുകാർക്കും വേണ്ടി സാമൂഹികമായി ഇടപെടുന്നതിനും ദുരിതമനുഭവിക്കുന്നവർക്ക് കൈത്താങ്ങുന്നതിനും വേണ്ടിയാണ് പുതിയ കൂട്ടായ്മയെന്ന് അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ മത തൊഴിൽ വേർതിരിവുകൾ മറന്ന് സംഗമിക്കാനും സ്വന്തം നാട്ടുകാർക്ക് വേണ്ടി ആലോചിക്കാനും കൂടെനിർത്താനും ഒരു പ്രതലമുണ്ടാവുക എന്നത് വലിയ കാര്യമാണ്. അത് ഇന്നത്തെ കാലം ആവശ്യപ്പെടുന്ന സാമൂഹിക ദൗത്യമാണെന്നും അതിനായി നിലകൊള്ളുന്ന ഒരു സംഘടന ആയിരിക്കും 'കൊണ്ടോട്ടിയൻസ് @ദമ്മാം' എന്നും അദ്ദേഹം പറഞ്ഞു.
മുഹമ്മദ് റഫാൻറെ ഖിറാഅത്തോടെ ആരംഭിച്ച പരിപാടിയിൽ ഹമീദ് ചേനങ്ങാടൻ അധ്യക്ഷത വഹിച്ചു. വല്യപ്പുക്ക , കബീർ കൊണ്ടോട്ടി, ശറഫുദീൻ വലിയപറമ്പ് (റോയൽ മലബാർ) എന്നിവർ സംഘടനയുടെ ലോഗോ പ്രകാശനം ചെയ്തു.
ശേഷം ഗാനമേള, നൃത്തം തുടങ്ങി കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കലാപരിപാടികളും മത്സരങ്ങളും അരങ്ങേറി. റഫീഖ് മുതുവല്ലൂർ, ബുഷ്‌റ റിയാസ്, റിഷാൻ, അലി നയാബസാർ, ഫൈസൽ എടക്കോട്ട് എന്നിവർ ഗാനങ്ങൾ അവതരിപ്പിച്ചു. നംഷീദ ഷമീർ പ്രവാസത്തെ കുറിച്ചുള്ള കവിത ഗാനമാലപിച്ചു. കൊണ്ടോട്ടിയെക്കുറിച്ചുള്ള പുതിയ അറിവുകളും വിവരങ്ങളും ഉൾപ്പെടുത്തി തയ്യാറാക്കിയ ക്വിസ് നയിച്ചത് റിയാസ് മരക്കാട്ട്തൊടികയായിരുന്നു. ജുസൈർ കാന്തക്കാട് നിയന്ത്രിച്ച രജിസ്ട്രേഷൻ ഡെസ്ക്, പ്രവാസികൾ നോർക്ക പോലുള്ള സർക്കാർ സംവിധാനത്തിൽ രജിസ്റ്റർ ചെയ്യേണ്ടതിന്റെ ആവശ്യകത സദസ്യരെ ഉത്‌ബോധിപ്പിച്ചു.
ലോഗോ, ഖിറാഅത്ത്, പ്രോമോ വീഡിയോ എന്നിവക്കുള്ള സമ്മാനവിതരണം അഷ്‌റഫ് തുറക്കലും കലാപരിപാടികൾ അവതരിപ്പിച്ച കുട്ടികൾക്കുള്ള സമ്മാന വിതരണം സുലൈമാൻ റോമാ കാസ്റ്റിൽ, ആസിഫ് മേലങ്ങാടി എന്നിവരും നിർവഹിച്ചു.
'കൊണ്ടോട്ടിയൻസ് @ദമ്മാം' കൂട്ടായ്മയുടെ പുതിയ ഭാരവാഹികളായി ആലിക്കുട്ടി ഒളവട്ടൂർ -പ്രസിഡന്റ , അഷ്‌റഫ് തുറക്കൽ /ജനറൽ സെക്രട്ടറി, വി പി ഷമീർ കൊണ്ടോട്ടി -ഓർഗനൈസിങ് സെക്രട്ടറി , ശരീഫ് മുസ്‌ലിയാരങ്ങാടി-ചോല, റിയാസ് മരക്കാട്ട്തൊടിക വൈസ് പ്രസിഡന്റ, ആസിഫ് മേലങ്ങാടി, സഹീർ മുസ്‌ലിയാരങ്ങാടി ജോയിന്റ് സെക്രട്ടറി, സിദ്ദിഖ് ആനപ്ര ട്രഷറർ, വല്യാപ്പുക്ക, ഹമീദ് ചേനങ്ങാടൻ, കബീർ കൊണ്ടോട്ടി, ശറഫുദ്ദീൻ വലിയപറമ്പ് ഉപദേശക സമിതി, പതിനഞ്ച് അംഗ പ്രവർത്തക സമിതിയെയും തിരഞ്ഞെടുത്തു.
ഇഎം മുഹമ്മദ് കുട്ടി (ഖഫ്ജി), ഉമ്മർ കോട്ടയിൽ (അൽ ഹസ്സ ), ശംസീർ മുതുപറമ്പ്, ശറഫുദീൻ വലിയപറമ്പ്, അബ്ദുൽ ബാരി നദ്‌വി, ഫൈസൽ എടക്കോട്ട് തുടങ്ങിയവർ ആശംസകൾ നേർന്നു.
ദമ്മാമിലെ കൊണ്ടോട്ടിക്കാരെ ഒരു കുടക്കീഴിൽ കൊണ്ടുവരാൻ എല്ലാ ശ്രമങ്ങളും സംഘടന നടത്തുമെന്നും അവരുടെ എല്ലാ നിലയിലുമുള്ള ഉന്നമനത്തിനായി പ്രവര്‍ത്തിക്കാൻ നമുക്കൊരുമിക്കാമെന്നും പ്രസിഡന്റ് ആലിക്കുട്ടി ഒളവട്ടൂരും ജനറൽ സെക്രട്ടറി അഷ്‌റഫ് തുറക്കലും പറഞ്ഞു. വിപി ഷമീർ കൊണ്ടോട്ടി പരിപാടികൾ നിയന്ത്രിച്ചു. ജുസൈർ കാന്തക്കാട്, നിയാസ് ബിനു, സമദ് സൽക്കാര, ഉമ്മർ കോട്ടയിൽ, മുഹമ്മദ് കുട്ടി ഖഫ്ജി നേതൃതം നൽകി.