< Back
Saudi Arabia
ഖിദ്ദിയ സിറ്റിയിൽ അത്യാധുനിക കുതിരപ്പന്തയ വേദി ഒരുങ്ങുന്നു
Saudi Arabia

ഖിദ്ദിയ സിറ്റിയിൽ അത്യാധുനിക കുതിരപ്പന്തയ വേദി ഒരുങ്ങുന്നു

Web Desk
|
11 Feb 2026 6:47 PM IST

സൗദി കപ്പിന്റെ സ്ഥിരം വേദിയായി മാറും

ഖിദ്ദിയ: സൗദിയുടെ കായിക വിനോദ പാരമ്പര്യം വിളിച്ചോതുന്ന ലോകനിലവാരത്തിലുള്ള കുതിരപ്പന്തയ കേന്ദ്രം ഖിദ്ദിയ സിറ്റിയിൽ വരുന്നു. സൗദിയിലെ പൗരാണികമായ കുതിരസവാരി പാരമ്പര്യത്തെ ആധുനിക സൗകര്യങ്ങളുമായി കോർത്തിണക്കിയാണ് ഖിദ്ദിയ ഇൻവെസ്റ്റ്മെന്റ് കമ്പനി ഈ പുതിയ വേദി പ്രഖ്യാപിച്ചിരിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയുള്ള കുതിരപ്പന്തയമായ സൗദി കപ്പ് ഉൾപ്പെടെയുള്ള പ്രമുഖ അന്താരാഷ്ട്ര മത്സരങ്ങൾക്ക് ഇനി ഈ വേദി സാക്ഷ്യം വഹിക്കും. കാണികൾക്കും താരങ്ങൾക്കും ഒരുപോലെ മികച്ച അനുഭവം നൽകുന്നതിനായി 21,000 പേർക്ക് ഒരേസമയം ഇരിക്കാവുന്ന ഗാലറിയാണ് ഇവിടെ ഒരുക്കുന്നത്. വമ്പൻ മത്സരദിവസങ്ങളിൽ ഇത് 70,000 പേർക്ക് ഇരിക്കാവുന്ന തരത്തിൽ വിപുലീകരിക്കാനും സാധിക്കും.

കൂടാതെ, മേഖലയിലെ ആദ്യത്തെ സ്‌ട്രെയ്റ്റ്-മൈൽ ടർഫ് കോഴ്‌സ്, 2200 മീറ്റർ ടർഫ് ട്രാക്ക്, 2400 മീറ്റർ ഡേർട്ട് ട്രാക്ക് എന്നിവയും ഇതിന്റെ പ്രത്യേകതയാണ്. കുതിരകളുടെ സംരക്ഷണത്തിന് മുൻഗണന നൽകിക്കൊണ്ട് മികച്ച ശസ്ത്രക്രിയ സൗകര്യങ്ങളും പുനരധിവാസ കേന്ദ്രവുമുള്ള അത്യാധുനിക ഹോസ്പിറ്റലും ഇതിനോടൊപ്പം സജ്ജീകരിക്കും. കുതിരപ്പന്തയ പ്രേമികൾക്ക് പുത്തൻ അനുഭവം നൽകുന്നതിനായി 110 മീറ്റർ നീളമുള്ള പരേഡ് റിംഗും ഇവിടെ നിർമ്മിക്കുന്നുണ്ട്. മത്സരങ്ങൾക്കും വിനോദങ്ങൾക്കും പുറമെ, സാംസ്‌കാരിക പൈതൃകം വിളിച്ചോതുന്ന ഒരു ദേശീയ കേന്ദ്രമായി ഖിദ്ദിയയെ മാറ്റാനാണ് അധികൃതർ ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി സൗദി ജോക്കി ക്ലബ്ബുമായി സഹകരിച്ച് കുതിരപ്പന്തയ മേഖലയുടെ ദീർഘകാല വികസനത്തിനായുള്ള കരാറുകളിലും ഖിദ്ദിയ ഇൻവെസ്റ്റ്മെന്റ് കമ്പനി ഉടൻ ഒപ്പുവെക്കും.

Related Tags :
Similar Posts