< Back
Saudi Arabia
ലക്ഷദ്വീപിനെയും ജനങ്ങളെയും ഇല്ലായ്മ ചെയ്യാൻ ശ്രമം നടക്കുന്നു: മുഹമ്മദ് ഫൈസൽ എംപി
Saudi Arabia

ലക്ഷദ്വീപിനെയും ജനങ്ങളെയും ഇല്ലായ്മ ചെയ്യാൻ ശ്രമം നടക്കുന്നു: മുഹമ്മദ് ഫൈസൽ എംപി

Web Desk
|
21 Aug 2022 10:02 PM IST

തങ്ങളുടെ തനത് സംസ്‌കാരവുമായി സമാധാനപരമായി ജീവിച്ചിരുന്ന ദ്വീപ് സമൂഹത്തെ തീർത്തും അരക്ഷിതാവസ്ഥയിലേക്ക് തള്ളി വിടുന്ന നടപടികളാണ് പുതിയ അഡ്മിനിസ്‌ട്രേറ്റർ നടപ്പിലാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

റിയാദ്: ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററും കേന്ദ്ര സർക്കാറും ചേർന്ന് ദ്വീപിൽ ജനദ്രോഹനടപടികൾ തുടരുന്നതായി ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസൽ. ദ്വീപിലേക്കുള്ള യാത്രാ സൗകര്യങ്ങളും വിദ്യാർഥികളുടെ പഠനവും ആരോഗ്യരംഗത്തെ സംവിധാനങ്ങളും തീർത്തും താറുമാറായ അവസ്ഥയിലാണിപ്പോൾ. ദ്വീപിന്റെ വികസനം പറഞ്ഞ് നടപ്പിലാക്കുന്ന പദ്ധതികൾ കോർപ്പറേറ്റ് പ്രീണനം മാത്രം ലക്ഷ്യമിട്ടുള്ളതാണെന്നും എം.പി മീഡിയാവണിനോട് പറഞ്ഞു.

തങ്ങളുടെ തനത് സംസ്‌കാരവുമായി സമാധാനപരമായി ജീവിച്ചിരുന്ന ദ്വീപ് സമൂഹത്തെ തീർത്തും അരക്ഷിതാവസ്ഥയിലേക്ക് തള്ളി വിടുന്ന നടപടികളാണ് പുതിയ അഡ്മിനിസ്‌ട്രേറ്റർ നടപ്പിലാക്കികൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഹ്രസ്വസന്ദർശനാർഥം സൗദിയിലെത്തിയതായിരുന്നു ഫൈസൽ. പത്തും ഇരുപതും വർഷമായി സർക്കാർ സർവീസിൽ ജോലി ചെയ്തുവന്നിരുന്ന മൂവായിരത്തിലധികം ജീവനക്കാരെ ഒറ്റയടിക്ക് പിരിച്ച് വിട്ടു. ഇത് ജനങ്ങളുടെ ജീവിതത്തെയും സാമ്പത്തിക ഘടനയെയും സാരമായി ബാധിച്ചു. കാലങ്ങളായി ദ്വീപ് സമൂഹം പവിത്രമായി കണ്ടിരുന്ന പദവിയാണ് അഡ്മിനിസ്‌ട്രേറ്റർ. ഇപ്പോൾ പദവി ദുരുപയോഗം ചെയ്തത് മൂലം ജനങ്ങൾക്കിടയിൽ പ്രതിഷേധം ശക്തമായിട്ടുണ്ട്. ലക്ഷദ്വീപിനെതിരായ നീക്കത്തിൽ കൂടെ നിന്ന കേരളത്തോടും മലയാളി സമൂഹത്തോടും ദ്വീപ് നിവാസികൾ എന്നും കടപ്പെട്ടിരിക്കുമെന്നും മുഹമ്മദ് ഫൈസൽ പറഞ്ഞു.

Similar Posts