< Back
Saudi Arabia
സൗദിയിൽ ഭൂമിക്കടിയിൽ വീണ്ടും പുരാതന നഗരം കണ്ടെത്തി
Saudi Arabia

സൗദിയിൽ ഭൂമിക്കടിയിൽ വീണ്ടും പുരാതന നഗരം കണ്ടെത്തി

Web Desk
|
26 Aug 2023 11:39 PM IST

ബീഷയിലെ പ്രസിദ്ധ ഖനന മേഖലയായ അൽ അബ്‍ലയിലാണ് പുരാതന നഗരം കണ്ടെത്തിയത്

റിയാദ്: സൗദിയിൽ ഭൂമിക്കടിയിൽ വീണ്ടും പുരാതന നഗരം കണ്ടെത്തി. അസീർ പ്രവിശ്യയിലെ, ബീഷയിലാണ് പുരാതന നഗരം കണ്ടെത്തിയത്. ബീഷയിലെ പ്രസിദ്ധ ഖനന മേഖലയായ അൽ അബ്‍ലയിലാണ് പുരാതന നഗരം കണ്ടെത്തിയത്. പുരാതനകാലത്തെ താമസ കേന്ദ്രങ്ങളും വ്യാവസായിക മേഖലയും ഉൾപ്പെടെ വാസ്തുവിദ്യാ സവിശേഷതകൾ ഏറെയുള്ള നിരവധി കാര്യങ്ങൾ ഇവിടെ നിന്നും കണ്ടെത്തി.

കെട്ടിടങ്ങളുടെ ചുമരുകളും നിലവും ചുണ്ണാമ്പ് പൂശിയിട്ടുണ്ട്. മഴവെള്ളം ശേഖരിച്ച് നിർത്താൻ ഉപയോഗിച്ചിരുന്ന ഒരു ജലസംഭരണി ഈ പുരാതന നഗരത്തിലെ പ്രധാന സവിശേഷതയാണ്. കെട്ടിടങ്ങളുടെ മേൽക്കൂരകളിൽ സ്ഥാപിച്ചിട്ടുളള ചുണ്ണാമ്പ് പൂശിയതോ മണ്ണ് കൊണ്ട് നിർമ്മിച്ചതോ ആയ പ്രത്യേക ചാനലുകളിലൂടെയാണ് മുറികൾക്ക് താഴെ സ്ഥാപിച്ചിട്ടുള്ള സംഭരണിയിലേക്ക് മഴവെള്ളമെത്തിച്ചിരുന്നത്. .

ഓവൽ ആകൃതിയിലുള്ള ഏതാനും പരന്ന വെള്ള സംഭരണികളും കണ്ടെത്തിയവയിലുണ്ട്. വെള്ളം നഷ്ചപ്പെടാതിരിക്കാനായി ഇവയുടെ ഉൾവശവും പ്രത്യേക പദാർത്ഥം പൂശിയിട്ടുണ്ട്. ഇത് കൂടാതെ മണ്ണ്കൊണ്ട് നിർമ്മിച്ച നിരവധി അടുപ്പുകൾ, വ്യത്യസ്ത വലിപ്പത്തിലും രൂപത്തിലുമുള്ള അരക്കല്ലുകൾ, കല്ല് കൊണ്ട് നിർമ്മിച്ച ചുറ്റിക, അരവ് ഉപകരണങ്ങൾ തുടങ്ങിയവയും ഈ പുരാതന നഗരത്തിലെ പ്രത്യേകതയാണ്.

സ്ഫടിക കുപ്പികൾ, ലോഹക്കഷണങ്ങൾ, വെങ്കല പാത്രങ്ങളുടെ ഭാഗങ്ങൾ, ആഭരണങ്ങൾ, ആനക്കൊമ്പ് കൊണ്ട് നിർമ്മിച്ച മുത്തുകൾ, വിലയേറിയ കല്ലുകൾ എന്നിവയായിരുന്നു ഈ സ്ഥലത്തെ ഏറ്റവും പ്രധാനപ്പെട്ട പുരാവസ്തു കണ്ടെത്തലുകൾ. നേരത്തെയും നിരവധി പുരാതന ശേഷിപ്പുകൾ ഇവിടെ കണ്ടത്തിയിരുന്നു. അതിൻ്റെ തുടർയ്യായി നടന്ന് വരുന്ന ഗവേഷണത്തിലൂടെയാണ് ഭൂമിക്കടിയിലെ ഈ പുരാതന നഗരത്തിൻ്റെ കണ്ടെത്തൽ.

Related Tags :
Similar Posts