< Back
Saudi Arabia
ട്രംപിന്റെ ഗസ്സ പ്ലാനിന് ബദൽ തയ്യാറാക്കാൻ അറബ് രാജ്യങ്ങൾ; ഈ മാസം 27ന് റിയാദിൽ ഉച്ചകോടി
Saudi Arabia

ട്രംപിന്റെ ഗസ്സ പ്ലാനിന് ബദൽ തയ്യാറാക്കാൻ അറബ് രാജ്യങ്ങൾ; ഈ മാസം 27ന് റിയാദിൽ ഉച്ചകോടി

Web Desk
|
14 Feb 2025 11:50 PM IST

വിഷയത്തിൽ ഈജിപ്ത് കരട് തയ്യാറാക്കി

റിയാദ്: യുഎസ് പ്രസിഡണ്ട് ഡോണൾഡ് ട്രംപിന്റെ ഗസ്സ പ്ലാനിന് പകരം പദ്ധതി തയ്യാറാക്കാൻ അറബ് രാജ്യങ്ങളുടെ നീക്കം. ഈ മാസം 27ന് റിയാദിൽ നടക്കുന്ന അറബ് ലീഗ് ഉച്ചകോടി ഇതിന്റെ പ്രാഥമിക കരട് തയ്യാറാക്കും. ഗസ്സയിൽ നിന്ന് ഫലസ്തീനികളെ പുറത്താക്കിയുള്ള പ്ലാൻ ആലോചിക്കുകയാണ് യുഎസ് പ്രസിഡണ്ട് ഡോണൾഡ് ട്രംപ്. ഇതിനിടയിലാണ് ട്രംപുമായി മികച്ച ബന്ധമുള്ള അറബ് രാഷ്ട്രങ്ങൾ ബദൽ പദ്ധതി ആലോചിക്കുന്നത്. ഗസ്സയിൽ നിന്നും ഫലസ്തീൻ ജനതയെ പുറത്താക്കാനാകില്ലെന്ന് അറബ് രാജ്യങ്ങൾ നിലപാടെടുത്തിരുന്നു. എങ്കിൽ ബദൽ വഴി പറയാമെന്നാണ് ട്രംപിന്റെ നിലപാടെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാക്രോ റൂബിയോ പറഞ്ഞിരുന്നു.

ഈ പശ്ചാത്തലത്തിൽ കൂടിയാണ് അറബ് രാജ്യങ്ങൾ ഗസ്സയുടെ പുനർ നിർമാണം, ഭാവി ഭരണം എന്നിവയിൽ ചർച്ചക്കൊരുങ്ങുന്നത്. വിഷയത്തിൽ ഈജിപ്ത് കരട് തയ്യാറാക്കിയിട്ടുണ്ട്. അത് പ്രകാരം, ഫലസ്തീൻ ജനതയെ നാടുകടത്താതെ പുനർ നിർമാണത്തിന് ആഗോള സഖ്യം രൂപീകരിക്കുകയാണ് ഒന്നാമത്തെ നിർദേശം. ഹമാസിന്റെ ഇടപെടലില്ലാത്ത ഗസ്സ ഭരണത്തിന്, ദേശീയ ഫലസ്തീൻ കമ്മിറ്റി എന്ന നിർദേശമാണ് രണ്ടാമത്തേത്. ഇതാകും ഗസ്സ വിഷയത്തിലെ ഏറ്റവും വലിയ ചർച്ചാ വിഷയം. ഹമാസിനെ ഭരണത്തിൽ നിന്ന് ഇല്ലാതാക്കാതെ മുന്നോട്ട് പോകാനാകില്ലെന്ന് നിലപാടിലാണ് ട്രംപും ഇസ്രയേലും. ഈ വിഷയത്തിൽ അറബ് രാജ്യങ്ങളുടെ നിലപാട് നിർണായകമാകും.

ഏറ്റുമുട്ടലിലും വെടിനിർത്തലിലും ജനകീയമായും ഹമാസിന്റെ സ്വാധീനം ശക്തമായിരിക്കെ അവരുടെ നിലപാടും ഗസ്സയുടെ ഭാവിയിൽ നിർണായകമാണ്. ഫലസ്തീന്റെ ഭരണം ഒരു ദേശീയ കമ്മിറ്റിക്ക് വിട്ടു കൊടുക്കാൻ തയ്യാറാണെന്ന് ഹമാസ് വക്താവ് നേരത്തെ വ്യക്തമാക്കിയിരുന്നു. അതിൽ പക്ഷെ, ഹമാസിന്റെ അംഗങ്ങളെ ഉൾക്കൊള്ളിക്കണമെന്നതാണ് നിബന്ധന. വിദേശ സൈനിക സാന്നിധ്യം പാടില്ലെന്നും ഹമാസ് പറഞ്ഞിരുന്നു. ഈ സാഹചര്യങ്ങളെല്ലാം അറബ് സമ്മിറ്റിൽ വരുമോ എന്നതും നിർണായകമാണ്.

Related Tags :
Similar Posts