< Back
Saudi Arabia
Saudi Aramcos profit surges
Saudi Arabia

കഴിഞ്ഞ വർഷം 34,800 കോടി റിയാൽ ലാഭം; എണ്ണവില ഇടിവിലും തളരാതെ സൗദി അരാംകോ

Web Desk
|
10 March 2026 5:50 PM IST

ഓഹരി ഉടമകൾക്കുള്ള ലാഭവിഹിതത്തിലും കമ്പനി വർധനവ് പ്രഖ്യാപിച്ചു

ജിദ്ദ: ലോകത്തിലെ ഏറ്റവും വലിയ എണ്ണക്കമ്പനിയായ സൗദി അരാംകോ 2025 സാമ്പത്തിക വർഷത്തിൽ 34,800 കോടി റിയാൽ അറ്റാദായം കൈവരിച്ചു. 2024ലെ 39,389 കോടി റിയാലുമായി താരതമ്യം ചെയ്യുമ്പോൾ ലാഭത്തിൽ 11.6 ശതമാനത്തിന്റെ കുറവുണ്ടായിട്ടുണ്ട്. എന്നാലും ആഗോള വിപണിയിലെ പ്രതികൂല സാഹചര്യങ്ങൾക്കിടയിലും മികച്ച പ്രകടനമാണ് കമ്പനി കാഴ്ചവെച്ചത്. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വിലയിലുണ്ടായ ഇടിവും ശുദ്ധീകരിച്ച പെട്രോളിയം ഉൽപ്പന്നങ്ങളുടെ വിലക്കുറവുമാണ് ലാഭത്തെ നേരിയ തോതിൽ ബാധിച്ചത്. എങ്കിലും പ്രവർത്തനച്ചെലവ് കുറച്ചതും നികുതിയിളവുകളും വലിയ ആഘാതമില്ലാതെ മുന്നേറാൻ അരാംകോയെ സഹായിച്ചു. 1.56 ട്രില്യൺ റിയാലാണ് കമ്പനിയുടെ ആകെ വാർഷിക വരുമാനം.

മികച്ച ലാഭം സ്വന്തമാക്കിയതോടെ ഓഹരി ഉടമകൾക്കുള്ള ലാഭവിഹിതത്തിലും കമ്പനി വർധനവ് പ്രഖ്യാപിച്ചിട്ടുണ്ട്. 2025 നാലാം പാദത്തിൽ 82.08 ബില്യൺ റിയാൽ ലാഭവിഹിതമായി നൽകാനാണ് തീരുമാനം. ഇത് മുൻ പാദത്തേക്കാൾ 3.5 ശതമാനം കൂടുതലാണ്. ഓരോ ഓഹരിക്കും 0.3393 റിയാൽ വീതം ലഭിക്കും. ആധുനിക സാങ്കേതികവിദ്യയും ആർട്ടിഫിഷ്യൽ ഇന്റലിജൻസും പ്രയോജനപ്പെടുത്തി വരും വർഷങ്ങളിൽ കൂടുതൽ വളർച്ച കൈവരിക്കുമെന്ന് അരാംകോ സി.ഇ.ഒ അമീൻ നാസർ വ്യക്തമാക്കി. ഗ്യാസ് ശൃംഖല വിപുലീകരിക്കുന്നതിനും ആഗോള ഊർജ മേഖലയിൽ സ്വാധീനം ഉറപ്പിക്കുന്നതിനുമുള്ള വൻകിട പദ്ധതികൾ കൃത്യസമയത്ത് പൂർത്തിയാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related Tags :
Similar Posts